ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പ്; ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കോഴിക്കോട് എന്‍ഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യംചെയ്യുന്നു. ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്ദമംഗലം പൊലീസ് ചോദ്യംചെയ്യുന്നത്.

‘ഗോദ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്’ എന്നായിരുന്നു രക്തസാക്ഷി ദിനത്തില്‍ പ്രഫസര്‍ ഷൈജ ആണ്ടവന്‍ കമന്റിട്ടത്. സംഭവത്തില്‍ എസ്.എഫ്.ഐയുടെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു.

‘ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോദ്‌സെ, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ അഡ്വ. കൃഷ്ണരാജ് എന്നയാള്‍ പ്രൊഫൈലില്‍ പോസ്റ്റ്‌ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. സംഭവത്തില്‍ വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ എന്‍.ഐ.ടിയില്‍ പ്രതിഷേധ പരമ്പര സംഘടിപ്പിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഷൈജ ആണ്ടവന്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. അധ്യാപികയെ നേരില്‍ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ കഴിയാത്തതിനാല്‍ മൊഴിയെടുക്കാന്‍ ഹാജരാകാനാവശ്യപ്പെട്ടുള്ള നോട്ടീസ് പൊലീസിന് കൈമാറാനായില്ല. തുടര്‍ന്നാണ് താമസസ്ഥലത്തെത്തി ചോദ്യംചെയ്യുന്നത്.

Top