മതമൗലികവാദികളുടെ ആരോപണത്തിന് മാസ് മറുപടിയുമായി ഷാജിത നാസർ

ര് നിഷേധിച്ചാലും ആരൊക്കെ എതിര്‍ത്താലും ഒരു കാര്യം യാഥാര്‍ത്ഥ്യമാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ മാത്രമല്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മിന്റെ സംഭാവനയാണ്. എസ്.എഫ്.ഐ എന്ന പൊരുതുന്ന വിദ്യാര്‍ത്ഥി സംഘടന പകര്‍ന്ന് നല്‍കിയ ഊര്‍ജ്ജമാണ് തിരുവനന്തപുരം മേയര്‍ ആര്യയുടെയും അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്‌യുടെയും കരുത്ത്. ഇവര്‍ക്ക് പുറമെ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 22 വയസ്സുകാരി പ്രിയങ്ക, ഇട്ടിവാ പഞ്ചായത്ത് പ്രസിഡന്റ് അമൃത, ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ശാരുതി, പൊഴുതന പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റഫി സുനില്‍, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രുതി പി ദിലീപ് എന്നിവരും എസ്.എഫ്.ഐയുടെ സംഭാവനയാണ്.

ആര്യ രാജേന്ദ്രന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്ത ആയതോടെ ബി.ജെ.പിയാണ് അത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം രംഗത്ത് വന്നത്. ഇക്കാര്യം ചാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയ മഹിളാ മോര്‍ച്ച നേതാവ് സ്മിതാ മേനോന്‍ വലിയ വിഡ്ഢിത്തമാണ് വിളമ്പിയിരിക്കുന്നത്. 19 വയസുള്ള ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വരെ മത്സരിച്ചെന്ന വീരവാദവും അവര്‍ മുഴക്കുകയുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അടിസ്ഥാന പ്രായം 21 ആണെന്നിരിക്കെ സ്മിത നടത്തിയ ഈ അഭിപ്രായ പ്രകടനത്തിന് സോഷ്യല്‍ മീഡിയ തന്നെയാണിപ്പോള്‍ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്.

പിന്നീട് ആക്ഷേപവുമായി രംഗത്ത് വന്നത് മതമൗലിക വാദികളാണ്. ഹീനമായ പ്രചരണമാണ് ഇക്കൂട്ടരും നടത്തിയിരുന്നത്. പര്‍ദ്ദ ഇടുന്നത് കൊണ്ടാണ് ഷാജിത നാസറിനെ സി.പി.എം മേയറാക്കാതെ ഇരുന്നതെന്നായിരുന്നു ഇക്കൂട്ടരുടെ പ്രചരണം. സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഈ ആരോപണത്തിന് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ഷാജിതാ നാസര്‍ നല്‍കിയ മറുപടിയും മാസാണ്. ജമാ അത്തെ ഇസ്‌ളാമിയും എസ്.ഡി.പി.ഐയും തനിക്ക് വേണ്ടി വാദിക്കേണ്ടെന്നും താന്‍ മേയര്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലന്നും വ്യക്തമാക്കിയ ഷാജിത താനൊരു കമ്മ്യൂണിസ്റ്റ്കാരിയാണെന്നാണ് അവരെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

പര്‍ദ്ദ ഇടുന്നത് കൊണ്ട് തന്നെ മേയര്‍ ആക്കിയില്ല എന്ന് പറയുന്നത് തെറ്റിധരിപ്പിക്കാനാണെന്നും ആര്യ തനിക്ക് മകളെപ്പോലെയാണെന്നും അവര്‍ തുറന്ന് പറയുകയുണ്ടായി. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും തനിക്ക് വേണ്ടി തിളക്കണ്ട കാര്യമില്ലെന്നും, ‘ഞെക്കി കൊല്ലാന്‍ നോക്കിയവര്‍ ഇപ്പോള്‍ നക്കി കൊല്ലാന്‍ നോക്കുകയാണെന്നുമാണ് ‘ഷാജിത തുറന്നടിച്ചിരിക്കുന്നത്. എ.കെ.ജി സെന്ററില്‍ പര്‍ദ്ദ ഇട്ട് പോകുന്ന ആളാണ് താനെന്നും സ്ഥാനം അല്ല പാര്‍ട്ടിയാണ് വലുതെന്നും പറയുന്ന ഈ കമ്യൂണിസ്റ്റ് ഒന്നുമല്ലാതിരുന്ന സമയത്ത് തന്നെ കൗണ്‍സിലര്‍ ആക്കിയത് സി.പി.എം ആണെന്നതും മത മാലികവാദികളെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഇത്തരം മറുപടികള്‍ നല്‍കാന്‍ കമ്യൂണിസ്റ്റുകള്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ പറ്റുകയില്ല.

മതമൗലിക വാദികള്‍ക്ക് പിഴച്ചതും ഇവിടെയാണ്. ജാതി, മതം, വര്‍ഗ്ഗം, നിറം ഇവയ്‌ക്കെല്ലാം മീതെ മനുഷ്യരെ നോക്കി കാണുന്ന പ്രത്യേയ ശാസ്ത്രമാണിത്. രാജ്യത്ത് തന്നെ ആദ്യമായി ഒരു മുസ്ലീം വനിതയെ മേയറാക്കിയതും സി.പി.എമ്മാണ്. ഇരുപത്തി മൂന്നാം വയസ്സിലാണ് കൊല്ലം മേയറായി എസ്.എഫ്.ഐ നേതാവ് സബിതാബീഗം നിയോഗിക്കപ്പെട്ടിരുന്നത്. 15 വര്‍ഷം മുന്‍പായിരുന്നു ഈ ചരിത്ര സംഭവം. മുസ്ലീംലീഗിന്റെ തട്ടകമായ മലപ്പുറത്തും നഗരസഭ അദ്ധ്യക്ഷയായി ആദ്യമായി ഒരു മുസ്ലീം വനിതയെ നിയോഗിച്ചതും സി.പി.എമ്മാണ്. ഇരുപത്തിയഞ്ചാം വയസ്സിലാണ് ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ബദറുന്നീസ നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

1995ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ അഞ്ച് നഗരസഭകളിലും ചെങ്കൊടിയാണ് പാറിയിരുന്നത്. വനിത സംവരണം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന പാര്‍ട്ടിയാണ് സി.പി.എം എന്നതും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ചെറുപ്പത്തെ ആയാലും വനിതകളെ ആയാലും പരിഗണന നല്‍കുമ്പോള്‍ ഐക്യകണ്‌ഠേനയാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ തീരുമാനമെടുക്കുക. അതാണ് ചരിത്രവും. എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ അവസ്ഥ നേരെ മറിച്ചാണ്. അവിടെ വ്യക്തി താല്‍പ്പര്യം മുതല്‍ പലതും ഘടകമാകും. ഇപ്പോള്‍ കണ്ണൂരില്‍ ലഭിച്ച മേയര്‍ സ്ഥാനത്തേക്ക് പോലും ആളെ കണ്ടെത്താന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നറുക്കെടുപ്പ് നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഗതികേട് എന്നല്ലാതെ മറ്റൊന്നും തന്നെ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുകയില്ല.

ചെറുപ്പത്തിന്റെ പക്വതയും പര്‍ദ്ദയും എല്ലാം വിവാദമാക്കുന്നവര്‍ ഇത്തരം രീതികളാണ് കണ്ടില്ലെന്ന് നടിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധമാകാം, പക്ഷേ അതിനും വേണം അതിര്‍വരമ്പുകള്‍. തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ മാത്രമല്ല ഭരിക്കാനും മികച്ച ഒരു പടയെ തന്നെയാണ് ഇത്തവണയും ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത്. ഇതില്‍ വനിതകളുടെ സാന്നിധ്യം പ്രത്യേക ശ്രദ്ധ തന്നെ പിടിച്ചുപറ്റി കഴിഞ്ഞിട്ടുണ്ട്. എസ്.എഫ്.ഐയില്‍ നിന്നും നിയോഗിക്കപ്പെട്ട സാരഥികളാണ് ഇപ്പോള്‍ നാട്ടിലും ഹീറോകള്‍. ഇവര്‍ക്ക് പുറമെ കൊല്ലം കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പ്രസന്ന ഏണസ്റ്റാണ്. കോഴിക്കോട് നഗരം ഭരിക്കാന്‍ പോകുന്നതാകട്ടെ ബീനാ ഫിലിപ്പാണ്.

കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ മട്ടാഞ്ചേരിയില്‍ നിന്നും വിജയിച്ച ആന്‍സിയയാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ജമീലയാണ്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബേബി ബാലകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇവരെയൊന്നും നറുക്കെടുപ്പിലൂടെയല്ല ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ജാതിയും മതവും നിറവുമല്ല കഴിവാണ് മാനദണ്ഡമാക്കിയിരിക്കുന്നത്. അത് പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇടതുപക്ഷം വനിതകള്‍ക്കും ചെറുപ്പത്തിനും നല്‍കിയിരിക്കുന്നത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടു പഠിക്കേണ്ട മാതൃകയാണിത്.

Top