സ്വദേശികളുടെ പ്രതിമാസ ശമ്പളം വര്‍ധിപ്പിച്ച് ഷാര്‍ജ

ഷാര്‍ജ: സ്വദേശികളുടെ പ്രതിമാസ ശമ്പളം വര്‍ധിപ്പിച്ച് ഷാര്‍ജ എമിറേറ്റ്. നിലവില്‍ 17,500 ദിര്‍ഹമായിരുന്ന പ്രതിമാസ ശമ്പളം വര്‍ധിപ്പിച്ച് 25,000 ദിര്‍ഹമാക്കി ഉയര്‍ത്തി. എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിച്ചതെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.

ജീവിത ചെലവുകള്‍ കൂടുമ്പോള്‍ ശമ്പളവും അതുപോലെ വര്‍ദ്ധിക്കേണ്ടതായുണ്ട്. കുടുംബങ്ങളുടെ ചെലവ് വിവരങ്ങള്‍ താന്‍ പരിശോധിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തിലാണ് മിനിമം ശമ്പളം നിശ്ചയിച്ചതെന്നും ശൈഖ് സുല്‍ത്താന്‍ ഷാര്‍ജ ടെലിവിഷനോട് പറഞ്ഞു.

ഷാര്‍ജയില്‍ 12,000ല്‍ അധികം തൊഴില്‍ അപേക്ഷകളുണ്ട്. ഒരു തൊഴിലന്വേഷകന് മുന്നിലും വാതിലുകള്‍ കൊട്ടിയടയ്ക്കില്ല. മതിയായ യോഗ്യതകള്‍ ഇല്ലാത്തവര്‍ക്ക് പോലും അവസരം നല്‍കും. താഴ്ന്ന വരുമാനക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കില്‍ താന്‍ അവരെ കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top