നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഷക്കീല-നോട്ട് എ പോൺസ്റ്റാർ എന്നു പേരിട്ട ചിത്രമൊരുക്കിയിരിക്കുന്നത് കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് ആണ്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. 16ആം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമ പറഞ്ഞു വെക്കുന്നത്.
ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. കൊല ചെയ്യപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിൻ്റെ സഹോദരനാണ് ഇന്ദ്രജിത്ത്. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ ഷക്കീലയുടെ ലുക്കായിരുന്നു താൻ നേരിട്ട ഏറ്റവും വലിയവെല്ലുവിളിയെന്ന് റിച്ച അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി താരം ഷക്കീലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിൽ ഷക്കീല വേഷമിട്ടിട്ടുണ്ട്.