വിരാട് കോലിയുടെ വിക്കറ്റെടുക്കുന്നതാണ് കൂടുതല്‍ സന്തോഷമെന്ന് ഷാക്കിബ് അല്‍ ഹസന്‍

പൂനെ: ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കുന്നതാണ് കൂടുതല്‍ സന്തോഷമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. കോലിയെ അഞ്ച് തവണ പുറത്താക്കാനായത് ഭാഗ്യമാണെന്നും ഷാക്കിബ് സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിരാട് കോലി സ്പെഷ്യല്‍ കളിക്കാരനാണ്.ഒരുപക്ഷെ സമകാലീന ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍.അദ്ദേഹത്തെ അഞ്ച് തവണ പുറത്താക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. അദ്ദേഹത്തിന്റെ വിക്കറ്റെടുക്കുന്നത് എല്ലായ്പ്പോഴും വലിയ സന്തോഷം നല്‍കുന്ന കാര്യമണെന്നും ഷാക്കിബ് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഷാക്കിബ് നാളെ ഇന്ത്യക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഇന്നലെ ഷാക്കിബ് നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയിരുന്നു.

എന്നാല്‍ ഷാക്കിബിനെ നേരിടുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ ആശങ്കയില്ലെന്ന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ ചില കളിക്കാര്‍ക്ക് ചില താരങ്ങള്‍ക്കെതിരെ എല്ലായ്പ്പോഴും മുന്‍തൂക്കം കാണും. അതില്‍ വലിയ കാര്യമില്ല. നമ്മുടെ പദ്ധതികളുമായി മുന്നോട്ടു പോകുക എന്നതാണ് പ്രധാനമെന്നും പരസ് മാംബ്രെ പറഞ്ഞു.

ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നാളെ പൂനെയില്‍ ബംഗ്ലാദേശിനെ നേരിടും. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ബംഗ്ലാദേശ് ആകട്ടെ പിന്നീട് ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തോല്‍വി വഴങ്ങി. പാകിസ്ഥാനെതിരെ നേടിയ ജയത്തിന്റെ ആവേശമടങ്ങും മുമ്പാണ് ഇന്ത്യ മറ്റൊരു അയല്‍പ്പേോരിന് തയാറെടുക്കുന്നത്.

കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിലും കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ഏകദിന പരമ്പരയിലും ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഏഷ്യാ കപ്പില്‍ കിരീടം നേടിയെങ്കിലും ഇന്ത്യയെ സൂപ്പര്‍ ഫോറില്‍ തോല്‍പ്പിക്കാന്‍ ബംഗ്ലാദേേശിനായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും വിശ്രമമെടുത്ത മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിക്കും ഇന്ത്യയുടെ തോല്‍വി തടയാനായില്ല.

Top