അടിവയറിനേറ്റ പരിക്ക്; സ്വിസ് പടയ്ക്ക് കനത്ത തിരിച്ചടിയായി ഷാഖിരിയുടെ പിന്മാറ്റം

സ്വിറ്റ്‌സര്‍ലന്‍ഡിന് തിരിച്ചടിയായി സൂപ്പര്‍ താരം ഷെര്‍ദാന്‍ ഷാഖിരിയുടെ പിന്മാറ്റം. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ടീം തയ്യാറെടുക്കവെയാണ് അടിവയറിനേറ്റ പരിക്കിനെത്തുടര്‍ന്ന് സീനിയര്‍ താരത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം.

കരുത്തരായ ഡെന്മാര്‍ക്കിനും ജോര്‍ജിയക്കുമെതിരെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ യൂറോ യോഗ്യതാ മത്സരങ്ങള്‍. നിര്‍ണായകമായ ഈ മത്സരങ്ങളിലാണ് ടീമിലെ സീനിയര്‍ താരമായ ഷാഖിരിയുടെ സേവനം നഷ്ടമാകുക. പരിക്ക് അത്ര പ്രശനമുള്ളതല്ലെങ്കിലും ക്ലബായ ലിവര്‍പൂളിന്റ ഇടപെടലിനെത്തുടര്‍ന്നാണ് ഷാഖിരിയുടെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഇഞ്ചോടിഞ്ച് കിരീടപ്പോരാട്ടം നടക്കുമ്പോള്‍ സൂപ്പര്‍താരത്തെ വെച്ച് ഒരു പരീക്ഷണത്തിന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് തയ്യാറല്ല

സമീപകാലത്തായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ മികച്ച പ്രകടനമാണ് സ്വിസ് നടത്തുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച അവര്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയിരുന്നു. പിന്നാലെ യുവേഫ നേഷന്‍സ് ലീഗില്‍ ബെല്‍ജിയവും ഐസ്ലന്‍ഡുമുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ജേതാക്കളായി സെമി ഫൈനലിലും എത്തിയിട്ടുണ്ട്.

Top