നാണംകെട്ട് കിം, ഉത്തരകൊറിയന്‍ സൈനികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്ന വീഡിയോ പുറത്ത്

kim-jon-un

സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതിക്ക് നാണക്കേടായി സൈനികന്‍ രാജ്യത്തു നിന്നും ഓടിരക്ഷപ്പെടുന്ന വീഡിയോ പുറത്ത്.

ഉത്തര കൊറിയന്‍ സൈനികന്‍ അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേക്കു പ്രവേശിക്കുന്ന വീഡിയോ യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് (യുഎന്‍സി) ആണ് പുറത്തുവിട്ടത്.

പ്രാണനും കൊണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു വീഴ്ത്തി ഗുരുതരാവസ്ഥയില്‍ കഴിയുന്ന സൈനികനെപ്പറ്റി കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു.

ഇത് സ്ഥിരീകരിക്കുന്ന 6.57 മിനിറ്റ് വീഡിയോയാണ് യുഎസ് നേതൃത്വം നല്‍കുന്ന യുഎന്‍സി പ്രസിദ്ധീകരിച്ചത്.

പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പന്‍മുന്‍ജം ട്രൂസ് ഗ്രാമത്തില്‍ ഈ മാസം 13ന് വൈകിട്ട് മൂന്നോടെയാണ് സൈനികന്‍ ജീവനും കൊണ്ട് അതിര്‍ത്തി കടന്നത്.

അതിര്‍ത്തിയിലെ യുഎന്‍ സംരക്ഷിത മേഖലയില്‍ കാവല്‍നില്‍ക്കുന്നതിനിടെയാണ് സൈനികന്‍ രക്ഷപ്പെടാന്‍ പദ്ധതിയിട്ടത്.

ഉത്തര, ദക്ഷിണ കൊറിയന്‍ സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന ഏക അതിര്‍ത്തി പ്രദേശത്തായിരുന്നു സംഭവം. ആളൊഴിഞ്ഞ, വീതിയേറിയ റോഡിലൂടെ കറുത്ത ജീപ്പ് അതിവേഗത്തില്‍ ഓടിച്ചു വരുന്നതാണ് ദൃശ്യത്തില്‍ ആദ്യം കാണുന്നത്.

സൈനികരുടെ കനത്ത കാവലുള്ള സ്ഥലം എത്തുന്നതിനു മുന്‍പു ജീപ്പ് നിര്‍ത്തി. സൈനിക വേഷത്തില്‍ പുറത്തിറങ്ങിയ യുവാവ് ഉടന്‍ തന്നെ അതിര്‍ത്തിയിലേക്കു ഓടി.

എന്നാല്‍, ജീപ്പു പോകുന്നതു ശ്രദ്ധിച്ച സൈനികര്‍ വെടിയുതിര്‍ത്ത് പിന്നാലെയെത്തി. ഇതിനകം വേലിക്കിടയിലൂടെ അപ്പുറം കടന്ന സൈനികനെ ഉത്തര കൊറിയന്‍ സേന തുരുതുരാ വെടിവച്ചു.

വെടിയേറ്റിട്ടും അതിര്‍ത്തി കടന്നശേഷമാണു യുവാവ് കുഴഞ്ഞുവീണത്.

ഇയാളെ ദക്ഷിണ കൊറിയയുടെ സൈന്യം എടുത്തുകൊണ്ടു പോയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചുനേരം ആലോചിച്ചുനിന്ന ശേഷം ഉത്തര കൊറിയന്‍ സൈന്യം അതിര്‍ത്തി കടക്കുന്നതും വീഡിയോയില്‍ കാണാം.

സൈനികാതിര്‍ത്തി രേഖയിലൂടെ (എംഡിഎല്‍) കുറച്ചുദൂരം ഓടിയ ശേഷമാണ് സൈന്യം ഉത്തര കൊറിയയിലേക്കു മടങ്ങിയതെന്നും, 1953ലെ കരാറിന്റെ ലംഘനമാണ് ഉത്തര കൊറിയ നടത്തിയതെന്നും, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും, വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ വച്ച് സൈനിക തലത്തില്‍ ചര്‍ച്ച നടത്തുമെന്നും, യുഎന്‍സി വക്താവ് കേണല്‍ ചാഡ് കാരള്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രത്യേക സംഘത്തിന്റെ പരിശോധനയില്‍ പ്രധാനമായും രണ്ട് തെറ്റുകളാണ് ഉത്തര കൊറിയയ്‌ക്കെതിരായി കണ്ടെത്തിയത്.

1) സൈനികാതിര്‍ത്തിരേഖയില്‍ ഉത്തര കൊറിയ വെടിയുതിര്‍ത്തു.

2) താല്‍ക്കാലികമെങ്കിലും സൈന്യം അതിര്‍ത്തി മറികടന്നു.

എന്നാല്‍ ഇത്രയധികം പൊല്ലാപ്പുകളുണ്ടായിട്ടും വീഡിയോയെപ്പറ്റിയോ അതിര്‍ത്തി ലംഘനത്തെപ്പറ്റിയോ ഉത്തര കൊറിയയുടെ പ്രതികരണം വന്നിട്ടില്ല.

Top