തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍ഐഎ നേരിട്ടെത്തിയത് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒന്നും മറച്ചു വയ്ക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഹൗസ് കീപ്പിംഗ് അഡീഷണല്‍ സെക്രട്ടറിയെ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിന് നല്‍കാഞ്ഞിട്ടാണ് എന്‍ഐഎയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറേണ്ടി വന്നത്. അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ശ്രമിച്ചു. കിട്ടാവുന്നത്രെ തെളിവുകള്‍ നശിപ്പിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ഒന്നും ലഭിക്കാതിരിക്കാനാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ജൂലൈ അഞ്ച്, ആറ് തീയതികളില്‍ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നു. ശതകോടി രൂപയുടെ കൊള്ളയാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സ്മാര്‍ട്ട് സിറ്റിക്ക് പാട്ടത്തിന് നല്‍കിയ കൊച്ചി കാക്കനാട്ടെ കണ്ണായ ഭൂമി മറിച്ചുവില്‍ക്കാന്‍ മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ചേര്‍ന്ന് നീക്കം നടത്തിയിരുന്നു. ഒരു രൂപയ്ക്ക് പാട്ടത്തിന് നല്‍കിയ 250 ഏക്കറിലധികം ഭൂമിയില്‍ 30 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള ശ്രമം നടന്നു. ശിവശങ്കറും മുഖ്യമന്ത്രിയും അടങ്ങുന്ന കമ്മിറ്റിയാണ് തീരുമാനിച്ചത്. വില നിശ്ചയിക്കാന്‍ ഏല്‍പിച്ചിരിക്കുന്നത് കെ.പി.എം.ജിയെയാണ്.
90,000 ആളുകള്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 4000 ആളുകള്‍ മാത്രമാണ് ജോലിചെയ്യുന്നത്. ടെന്‍ഡര്‍ പോലുമില്ലാതെയാണ് ഭൂമി മുഖ്യമന്ത്രിക്ക് താത്പര്യമുള്ള സ്വകാര്യ കമ്പനിക്ക് മറിച്ചുവില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയനില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍ എന്ന പരിപാടിക്ക് വിദേശത്തുനിന്ന് ആളുകള്‍ വന്നതുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കും സംഘത്തിനും ബന്ധമുണ്ട്. ആ പരിപാടിയുടെ നടത്തിപ്പുമായി സ്വര്‍ണക്കടത്ത് സംഘത്തിനുള്ള ബന്ധം സുവ്യക്തമാണ്.
സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി റിയല്‍ എസ്റ്റേറ്റ് വഴി വില്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ സ്വപ്നയും സംഘവുമുണ്ട്. കടുംവെട്ട് തീരുമാനങ്ങളില്‍ ഒന്നുമാത്രമാണിത്. കള്ളക്കടത്ത് സംഘത്തിന് ഇതിലുള്ള ബന്ധമെന്താണെന്ന് പരിശോധിക്കണം. തീവെട്ടി കൊള്ളയാണ് നടക്കുന്നത്. കടുംവെട്ട് നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.