ബ്ലാക്ക് മെയിലിംഗ് കേസ്; പ്രതികള്‍ക്കെതിരെ അ‌ഞ്ചു പരാതിക്കാർ കൂടി

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ പുതുതായി അഞ്ചു പേര്‍ കൂടി പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ. ഇവരില്‍ നിന്നും വിശദമായ മൊഴിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ഷംന കാസിമിന്റെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്ത വാര്‍ത്തയും പ്രതികളുടെ ചിത്രങ്ങളും പുറത്തുവന്നതോടെ തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ നടിയും കടവന്ത്രയിലെ മോഡലും ഉള്‍പ്പെടെ മൂന്ന് യുവതികള്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമേ അഞ്ചു പേര്‍ കൂടി എത്തിയിട്ടുണ്ടെന്നാണ് കമ്മിഷണര്‍ പറഞ്ഞത്.

കേസിലെ പ്രതികളില്‍ ഒരാളായ അബ്ദുള്‍ സലാം ഇന്ന് കൊച്ചിയിലെ കോടതിയില്‍ കീഴടങ്ങി.അഞ്ചാംപ്രതിയായ അബ്ദുള്‍ സലാമാണ് കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ അഭിഭാഷകനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു ഇയാള്‍.

കേസില്‍ ഇത് വരെ നാല് പ്രതികളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്.

Top