കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സ്ത്രീകളടക്കം കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് പൊലീസ്.
പിടിയിലായ റഫീഖിന്റെ പെണ്‍സുഹൃത്തായ ഇടുക്കി സ്വദേശിനി, മുഖ്യപ്രതി ഷെരീഫിന്റെ ബന്ധുവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവരെയാണ് പൊലീസ് തിരയുന്നത്. ഇവര്‍ വൈകാതെ കസ്റ്റഡിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
മുഖ്യപ്രതി ഷെരീഫിന്റെ ബന്ധുവായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഷംന കാസിമിന് വിവാഹാലോചന കൊണ്ടുവന്നതെന്നാണ് വിവരം.
വലിയ കുടുംബമാണെന്നും ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരാണെന്നും പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വിവാഹാലോചനയ്ക്ക് ഇടനിലക്കാരനായത്. റഫീഖിന്റെ പെണ്‍സുഹൃത്തായ ഇടുക്കി സ്വദേശിനിയാണ് ഫോണിലൂടെ നടിയെ വിളിച്ചത്. വരന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് ഇവര്‍ നടിയുമായി സംസാരിച്ചത്.
അതേസമയം, കേസില്‍ നടി ഷംന കാസിമിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. നിലവില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള നടി തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്തി മൊഴി നല്‍കുമെന്നാണ് വിവരം. അതിനിടെ, ബ്ലാക്ക്‌മെയില്‍ കേസിലെ റഫീഖ്, സലാം എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ തൃശ്ശൂരിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹവാഗ്ദാനം നല്‍കി 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ വാടാനാപ്പള്ളി പൊലീസാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.