സിനിമാമേഖലയിലെ പല താരങ്ങളെയും പ്രതികള്‍ കെണിയില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാമേഖലയിലെ അറിയപ്പെടുന്ന പല താരങ്ങളെയും കെണിയില്‍പ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ.

സിനിമാ നിര്‍മാതാക്കളെന്ന പേരിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയെ സംഘം സമീപിച്ചത്. ഇതുപോലെ മറ്റു രണ്ടു പേരില്‍ നിന്നും താരങ്ങളുടെ നമ്പര്‍ വാങ്ങിയിരുന്നു. നിര്‍മാതാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ പ്രതികള്‍ക്ക് നമ്പര്‍ നല്‍കിയത്. സിനിമാ താരങ്ങളുടെ നമ്പര്‍ വാങ്ങി സ്വര്‍ണ ബിസിനസിന് താത്പര്യമുണ്ടോയെന്ന് ഇവര്‍ തിരക്കിയിരുന്നു. എന്നാല്‍, ആരും താത്പര്യം അറിയിച്ചില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സ്വര്‍ണക്കടത്തുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇത്തരം ഒരു പശ്ചാത്തലം അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയതടക്കം എട്ടു കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. യുവതികളെ വടക്കഞ്ചേരിയിലും വാളയാറിലും ഹോട്ടല്‍ മുറികളില്‍ അടച്ചിട്ടു ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തതിനാണ് ഏഴുകേസുകള്‍.

അതേസമയം, ഇരുപതിലധികം യുവതികള്‍ സംഘത്തിനെതിരേ പരാതിയുമായെത്തിയിട്ടുണ്ട്. ഇവയില്‍ അന്വേഷണം തുടരും. ഷംന കാസിമിന്റെ മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊലീസ് ചൊവ്വാഴ്ച രേഖപ്പെടുത്തി. കേസിലെ പ്രതികളുടെയും സാക്ഷികളുടെയും വിശദാംശങ്ങളും ലഭ്യമായ വിവരങ്ങളും നല്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് പൊലീസിന് കത്തു നല്‍കിയിട്ടുണ്ട്.

Top