ബ്ലാക്ക്‌മെയിലിംഗ് കേസ്; സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാരംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വര്‍ണക്കടത്തിനായി പല നടീനടന്മാരേയും സമീപിച്ചിട്ടുണ്ടെന്ന വിവര ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

നടി ഷംനാ കാസിമിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്നെത്തിയ ഷംന ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. അതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുക.

ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് തന്നെയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനു വേണ്ടിയാണ് താരങ്ങളെയും മോഡലുകളെയും സമീപിച്ചത്. ഗള്‍ഫ് മേഖലയില്‍ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് കൂടുതലും ലക്ഷ്യംവെച്ചത്. മിമിക്രി രംഗത്തു നിന്നും സിനിമ രംഗത്തെത്തിയവരായിരുന്നു ഇതില്‍ പ്രധാനം.

തട്ടിപ്പിന്റെ സൂത്രധാരന്‍ വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഇയാള്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയില്‍ എടുക്കും. ഷംന കാസിമിന്റെ രക്ഷിതാക്കളുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഷംനയുടേതടക്കമുള്ള താരങ്ങളുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണെന്ന് പൊലീസിന് വ്യക്തമായി. ഷാജി പട്ടിക്കര ഉള്‍പ്പെടെ സിനിമ മേഖലയിലെ മൂന്നു പേരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ധര്‍മജന്റെ മൊഴിയും തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു.

Top