കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായെങ്കിലും വിവാദങ്ങള്‍ ഒഴിയുന്നില്ല. ഷംനയ്ക്ക് പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ച ഒരു മോഡലിന് ചിലരില്‍ നിന്നും ഭീഷണിയുണ്ടായാതായാണ് പുറത്തുവരുന്ന വിവരം.
കേസിലെ മുഖ്യപ്രതിയായ ഷെഫീഖ് നിരപരാധിയാണെന്നും മറ്റൊരു പ്രതിയായ റഫീഖ് ആണ് ഗൂഢാലോചനയുടെ സൂത്രധാരനെന്നും ആരോപിച്ച് ഷെഫീഖിന്റെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, ബ്ലാക്ക് മെയില്‍ കേസ് വിവാദം തുടരുമ്പോഴും താന്‍ രക്ഷപ്പെട്ട അപകടത്തിന്റെ ആഴം എത്രത്തോളമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലും ആശ്വാസത്തിലുമാണ് നടി ഷംന കാസിം.
പരാതി കൊടുക്കുന്ന ഘട്ടത്തില്‍ ഇത്രവലിയൊരു കുറ്റകൃത്യത്തിലേക്കാണ് വഴി തുറക്കുന്നത് എന്നു ഞാന്‍ വിചാരിച്ചില്ല. എന്റെ സുരക്ഷയെ കരുതിയാണ് എന്റെ അമ്മ വിഷയത്തില്‍ പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തിലൂടെ ഇതിന്റെ ഭീകരത മനസിലാക്കുമ്പോള്‍ വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്.
അന്‍വര്‍ അലി, മുഹമ്മദ് അലി, എന്നീ വ്യാജപേരുകളിലാണ് പ്രതികള്‍ ഞങ്ങളെ സമീപിച്ചത്. ശരത്, രമേശ് എന്നീ രണ്ട് പ്രതികള്‍ ഡ്രൈവര്‍മാര്‍ എന്ന പേരിലാണ് ഞങ്ങളുടെ മുന്നില്‍ എത്തിയത്. ഇപ്പോള്‍ പിടിയിലായ റഫീഖോ, ഷെഫീഖോ ആരാണ് എന്നോട് ഫോണിലൂടെ സംസാരിച്ചത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും ഇത്രയും പെട്ടെന്ന് പ്രതികളെ പിടികൂടിയ കേരള പൊലീസിനെ ഓര്‍ത്ത് അഭിമാനം തോന്നുന്നു ഷംന പറഞ്ഞു.
ആരാണ് തട്ടിപ്പുസംഘത്തിന് വേണ്ടി ഞങ്ങളോടൊക്കെ സംസാരിച്ചത് എന്ന് അറിയില്ല. അത്രയും വിദഗ്ദ്ധമായാണ് അവര്‍ എന്നേയും എന്റെ കുടുംബത്തേയും കൈകാര്യം ചെയ്തത്. മലബാറിലെ ഒരു നല്ല കുടുംബത്തില്‍ നിന്നുള്ള വിവാഹാലോചന എന്ന നിലയിലാണ് അവര്‍ ഞങ്ങളെ സമീപിച്ചതും ഇടപെട്ടതും. ഞാന്‍ കണ്ണൂര്‍ സ്വദേശിയാണെങ്കിലും എറണാകുളത്താണുള്ളത്. കോഴിക്കോട് സ്വദേശികളാണ് എന്ന നിലയിലാണ് അവര്‍ എന്റെ പിതാവിനേയും സഹോദരനേയും സമീപിച്ചത്.
കോഴിക്കോട്ടെ ഒരു വിലാസവും അവര്‍ ഞങ്ങള്‍ക്ക് നല്‍കി. ആ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അതു ശരിയാണെന്ന് മനസിലായി. പക്ഷേ ലോക്ക് ഡൗണായ കാരണം ആ വിലാസത്തില്‍ താമസിക്കുന്നവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സാധിച്ചില്ല. പയ്യന്റെ മാതാപിതാക്കള്‍ ഒന്നു വീട്ടിലേക്ക് വന്നോട്ടെ എന്നാണ് അവര്‍ ചോദിച്ചത്. അവര്‍ ഞങ്ങള്‍ക്ക് വരന്റേയും പിതാവിന്റേയും മറ്റും ഫോട്ടോസ് അയച്ചു തരികയും ഫോണിലൂടെ വളരെ മാന്യമായി ഇടപെടുകയും ചെയ്തതിനാല്‍ വീട്ടിലേക്ക് വരുന്നത് ഞങ്ങള്‍ വിലക്കിയില്ല. ഇത്രയും നടന്നപ്പോഴേക്കും ഒരാഴ്ച മാത്രമേ സമയമായിട്ടുള്ളൂ .
എന്നാല്‍ രക്ഷിതാക്കളെ പ്രതീക്ഷിച്ചു നിന്ന ഞങ്ങളുടെ മുന്നിലേക്ക് എത്തിയവരെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയം തുടങ്ങി. ശരത്, രമേശ് എന്നിവര്‍ ഡ്രൈവര്‍മാരാണ് എന്നു പറഞ്ഞാണ് സംഘത്തിനൊപ്പം എത്തിയത് ഇവരെ കണ്ടപ്പോള്‍ തന്നെ എന്തോ സംശയം തോന്നിയതിനാല്‍ ഡ്രൈവര്‍മാര്‍ പുറത്തു തന്നെ നില്‍ക്കട്ടെ എന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. വീട്ടില്‍ കേറി ഞങ്ങളെ അക്രമിക്കാനായിരുന്നു അവരുടെ പ്ലാന്‍ എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു. ഒരു പക്ഷേ വീട്ടില്‍ ആ സമയത്ത് ഒരുപാടാളുകള്‍ ഉള്ളതിനാലാവാം അവര്‍ ആ ശ്രമത്തില്‍ നിന്നും പിന്മാറിയത് എന്നാണ് തോന്നുന്നത്.
ഈ കേസില്‍ എനിക്ക് പിന്നാലെ നിരവധി പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ക്ക് നേരെ ഭീഷണിയുണ്ടെന്നും അറിഞ്ഞു. അവരോടൊക്കെ എനിക്ക് പറയാനുള്ളത് നിങ്ങള്‍ സത്യത്തിനൊപ്പം ഉറച്ചു നില്‍ക്കണം എന്നാണ്. കേരള പൊലീസിനെ വിശ്വാസിച്ചു നമ്മുക്ക് മുന്നോട്ട് പോകാം. വീട്ടില്‍ വന്ന അഞ്ച് പേരേയും പൊലീസ് ഇപ്പോള്‍ പിടികൂടിയിട്ടുണ്ട്. എന്തിനാണ് അവര്‍ പെണ്ണു കാണല്‍ നാടകം നടത്തി എന്റെ വീട്ടിലേക്ക് വന്നത് എന്നാണ് എനിക്കിനി അറിയേണ്ടത്.
എന്റെ മാതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത് കൊണ്ട് ഇത്രവലിയൊരു ക്രിമിനല്‍ സംഘത്തെ പിടികൂടാന്‍ സാധിച്ചു. എന്റെ കുടുംബം വലിയ പിന്തുണയാണ് ഇക്കാര്യത്തില്‍ കാണിച്ചത്. ഞാന്‍ കൂടി അംഗമായ താരസംഘടന അമ്മയുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ഇക്കാര്യത്തില്‍ ലഭിച്ചത്. ലാലേട്ടനടക്കം എന്നെ നേരില്‍ വിളിച്ചു സംസാരിക്കുകയും ഒപ്പമുണ്ടെന്ന് ധൈര്യം നല്‍കുകയും ചെയ്തു.
അതേസമയം, ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചതിന് പിന്നാലെ എനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നു എന്ന് യുവമോഡല്‍ വെളിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. എന്നോട് നേരിട്ടല്ല എന്റെ സുഹൃത്തുകളോടാണ് അവര്‍ പറഞ്ഞത്. അനാവശ്യമായി ആരുടെയെങ്കിലും പേരുകള്‍ പരാതിയില്‍ പറഞ്ഞാല്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നും മറ്റുമാണ് അവര്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ എന്നോട് സംസാരിക്കാന്‍ പോലും ഭയമാണെന്ന് സുഹൃത്തുകള്‍ പറയുന്നു. എന്നേയും മറ്റു രണ്ട് മോഡലുകളേയും മാര്‍ച്ച് നാലാം തീയതിയാണ് അവര്‍ കബളിപ്പിച്ച് തടവിലാക്കിയത്.
എനിക്ക് മുന്‍പേ പോയ പെണ്‍കുട്ടികള്‍ മൂന്നാഴ്ചയായി അവരുടെ പിടിയിലായിരുന്നു. എനിക്ക് ശേഷം വേറെയും ചിലരെ ഇവര്‍ വര്‍ക്കിനെന്ന പേരില്‍ കൊണ്ടു പോയി തടവിലാക്കിയിരുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരമെന്നും മോഡല്‍ പറഞ്ഞു.