ഡൽഹി: ബലാത്സംഗ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഷാനവാസ് ഹുസൈൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അന്വേഷണം നടക്കട്ടെയെന്നും അതിൽ ഒന്നും കണ്ടെത്തിയില്ലെങ്കിൽ കുറ്റവിമുക്തനാക്കപ്പെടുമെന്നും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടും ദീപാങ്കർ ദത്തയും പറഞ്ഞു.
ഷാനവാസ് ഹുസൈനെതിരെ ഇതേ സ്ത്രീ ഒന്നൊനു പിറകെ മറ്റൊന്നായി പരാതികൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകർ മുകുൾ റോത്തഗിയും സിദ്ധാർഥ ലൂത്രയും പറഞ്ഞു. ഇതിൽ പലരും പൊലീസ് അന്വേഷിക്കുകയും കഴമ്പില്ലെന്നു കണ്ടെത്തുകയും ചെയ്തതാണ്. ഇത് അനന്തമായി തുടരാൻ അനുവദിക്കരുതെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
എന്നാൽ ഈ ഘട്ടത്തിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും അതിൽ ഒന്നും കണ്ടെത്തിയില്ലെങ്കിൽ കുറ്റവിമുക്തനാക്കപ്പെടുമല്ലോയെന്നും ബെഞ്ച് പ്രതികരിച്ചു.
ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാൻ 2018ൽ വിചാരണക്കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ ഷാനവാസ് ഹുസൈൻ നൽകിയ അപ്പീൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.