താരസംഘടനയിൽ ‘ഇടവേള’ വില്ലനായി ! പുറത്താക്കണമെന്ന വികാരവും ശക്തം

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു പിന്നീട് നിലപാട് തിരുത്തിയെങ്കിലും താരങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശമിച്ചിട്ടില്ല.

ഇടവേള ബാബു നിര്‍മ്മാതാക്കളുടെ പ്രതിനിധിയെ പോലെയാണ് പെരുമാറിയതെന്ന ആക്ഷേപമാണ് താരങ്ങള്‍ക്കുള്ളത്. ഇക്കാര്യം സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമവായത്തിന് ലാല്‍ തന്നെയിപ്പോള്‍ മുന്‍കൈ എടുത്തിരിക്കുന്നത്.

നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ലാലിന്റെ ശ്രമം. മോഹന്‍ലാല്‍ തങ്ങളോടൊപ്പം ആണെന്ന് ഷെയിന്‍ നിഗത്തിന്റെ മാതാവ് സുനിലാ ഹബീബും വെളിപ്പെടുത്തിയിട്ടുണ്ട്. ലാലുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു അവരുടെ പ്രതികരണം. ഇടവേള ബാബുവില്‍ നിന്നും നീതി കിട്ടില്ലന്ന് കണ്ടാണ് സുനിലാ ഹബീബ് ലാലിനെ സമീപിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

നിലവില്‍ പ്രതിസന്ധിയിലായ വെയില്‍, കുര്‍ബാനി സിനിമകള്‍ ഷെയിന്‍ പൂര്‍ത്തിയാക്കുമെന്ന നിര്‍ദ്ദേശം മോഹന്‍ലാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഈ സിനിമ ഉപേക്ഷിച്ച നടപടി പിന്‍വലിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നതാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെയിന്‍ നിഗത്തിന്റെ ഭാഗത്ത് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും വിലക്കിയ നടപടി അംഗീകരിക്കില്ലന്ന നിലപാടിലാണ് താര സംഘടന. ഇക്കാര്യത്തില്‍ സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ഒറ്റക്കെട്ടാണ്. നടന്‍ സലീം കുമാറും, ജോയ് മാത്യുവും പരസ്യമായാണ് വിലക്കിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

വിലക്കിന് പിന്നില്‍ ഷെയിനിന്റെ ഭാവി നശിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും താരങ്ങള്‍ സംശയിക്കുന്നുണ്ട്.ഒരു സംവിധായകന്‍ പുറത്ത് വിട്ട തെളിവുകളാണ് ഇത്തരമൊരു സംശയത്തിന് ആധാരമായിരിക്കുന്നത്.

സംവിധായകന്‍ സാജിദ് യഹിയ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. ഷെയ്‌നെതിരെ പെയിഡ് ന്യൂസ് നല്‍കാന്‍ ബന്ധപ്പെട്ട ഒരു വ്യക്തിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം പങ്കുവച്ചാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വെളിപ്പെടുത്തലാണ് ഷെയിനിനിപ്പോള്‍ തുണയായിരിക്കുന്നത്.

അതേസമയം ഷെയിനിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സര്‍ക്കാറും നിലവില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും വിലക്ക് അംഗീകരിക്കില്ലന്നാണ് നിയമമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിനിമാ സെറ്റില്‍ താരങ്ങള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തലും കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ തന്നെ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഇനി ഏത് സമയത്തും ഷൂട്ടിങ് സെറ്റുകളില്‍ റെയ്ഡ് പ്രതീക്ഷിക്കാവുന്ന അവസ്ഥയാണുള്ളത്. നിര്‍മാതാക്കളുടെ ഈ ആരോപണവും താര സംഘടനയെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ‘കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ‘ ചിലര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ഇത്തരമൊരു ആക്ഷേപം ഉന്നയിക്കുമെന്ന് അറിഞ്ഞിട്ടും ഇടവേള ബാബു ഇടപെട്ടില്ലന്ന ആരോപണവും താരങ്ങള്‍ക്കിടയിലുണ്ട്. മൊത്തം താരങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായി പോയി ഈ ആരോപണമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം മുന്‍ നിര്‍ത്തി ഇടവേള ബാബുവിന് അമ്മയില്‍ നിന്നും ഒരു ‘ഇടവേള’ നല്‍കിക്കാനാണ് അണിയറയില്‍ ചരടുവലികള്‍ നടന്നുകൊണ്ടിരിക്കുന്നത്.

സിനിമകള്‍ കാര്യമായി ഇല്ലാത്തതിനാലാണ് ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറിയാക്കിയതെന്നാണ് താരങ്ങള്‍ പറയുന്നത്. സംഘടനാ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഈ പദവി സിനിമാ രംഗത്തെ മുതലെടുപ്പിനായി ഇപ്പോള്‍ അദ്ദേഹം ഉപയോഗപ്പെടുത്തുകയാണെന്നാണ് പുതിയ ആക്ഷേപം. ഷെയിന്‍ നിഗം പ്രശ്‌നത്തില്‍ തുടക്കം മുതല്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായാണ് ഇടവേള ബാബു നിന്നതെന്ന വികാരം കത്തി പടരുന്നതും അതുകൊണ്ടാണ്.

നടന്‍ മമ്മുട്ടിയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കടുത്ത നിലപാട് സ്വീകരിച്ച വെയിലിന്റെ നിര്‍മ്മാതാവും ഇപ്പോള്‍ പ്രതിരോധത്തിലായിട്ടുണ്ട്.
വിലക്കിനെ അംഗീകരിക്കുന്ന പ്രശ്‌നമേ ഇല്ലന്ന നിലപാടിലാണ് മെഗാസ്റ്റാറുള്ളത്. മറ്റെല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന നിര്‍ദ്ദേശമാണ് മോഹന്‍ലാലിനോട് മമ്മുട്ടിയും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ മലയാളത്തില്‍ വിലക്ക് നിലനില്‍ക്കുമ്പോഴും തമിഴില്‍ ശ്രദ്ധ പതിപ്പിക്കാനുള്ള നീക്കത്തിലാണ് ഷെയിനിപ്പോള്‍. സൂപ്പര്‍ താരം വിക്രമിനൊപ്പമാണ് അദ്ദേഹത്തിന്റെ പുതിയ സിനിമ. തമിഴില്‍ ഷെയിനിനെ അഭിനയിപ്പിക്കാതിരിക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് നിര്‍മാതാക്കള്‍ മുന്‍പ് ഭീഷണിപ്പെടുത്തിയെങ്കിലും അതൊന്നും നിലവില്‍ വിലപ്പോയിട്ടില്ല.

എടുത്ത് ചാടി വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഉള്ള അധികാരവും കയ്യില്‍ നിന്നും പോകുന്ന അവസ്ഥയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമുള്ളത്.

ഷെയിന്‍ നിഗവുമായി പ്രൊഡ്യൂസേഴ്സിന്റെ തര്‍ക്കം മുറുകിയതോടെ സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്നാണ് ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയാറാക്കുന്നത്. സിനിമാ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകാത്ത തരത്തിലാകും നിയമ നിര്‍മാണം വരുന്നത്. നിയമം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ സിനിമയുടെ രജിസ്‌ട്രേഷന്‍, പബ്ലിസിറ്റി, ടൈറ്റില്‍, വിതരണം തുടങ്ങിയവയും വരും. മേഖലയിലെ പ്രശ്‌നങ്ങളും പരാതികളും പരിശോധിക്കുന്നതിന് ഒരു റഗുലേറ്ററി കമ്മിറ്റിയും നിലവില്‍ വരും. അതുപോലെ തന്നെ ഗുരുതരമായ വീഴ്ചകളും ലംഘനങ്ങളും ക്രിമിനല്‍ കുറ്റമായി കണ്ട് ശിക്ഷ നല്‍കുന്നതിനും നിര്‍ദ്ദിഷ്ട ആക്ടില്‍ വ്യവസ്ഥയുണ്ടായിരിക്കും. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരികയെന്നാണ് അറിയുന്നത്. ഫലത്തില്‍ ഇനി മുതല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നോക്കുക്കുത്തിയുടെ അവസ്ഥയാണ് ഉണ്ടാവാന്‍ പോകുന്നത്.

Staff Reporter

Top