ഷെയിനെതിരെ വിലക്ക് വരുമോ ? ; നിർമാതാക്കളുടെ സംഘടനയുടെ അടിയന്തര യോഗം ഇന്ന്

കൊച്ചി : ന‍ടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടി ആലോചിക്കുന്നതിനായി നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. വൈകിട്ട് മൂന്നിനാണ് ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്.

കരാർ ലംഘിച്ച് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയതിനു നിർമാതാക്കളുടെ വിലക്ക് നിലനിൽക്കുകയാണ് ഷെയിന് ഇപ്പോൾ. ഇതിനിടെ വീണ്ടും രൂപമാറ്റം വരുത്തിയത് അതീവ ഗൌരവത്തോടെയാണ് സംഘടന കാണുന്നത്. അച്ചടക്ക ലംഘനം നിരന്തരം ആവർത്തിക്കുന്നത് നിസ്സാരമായി കാണാനാകില്ല എന്നാണ് ഭൂരിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ ഇന്ന് ചേരുന്ന യോഗത്തിൽ ഷെയിനിന് എതിരെ ശക്തമായ അച്ചടക്ക നടപടി ഉണ്ടായേക്കും.

നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കുന്നതും പരിഗണനയിലുണ്ട്.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.പ്രതിഷേധം എന്ന് ഫോട്ടോയിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു.

ഉല്ലാസം എന്ന സിനിമയുടെ നിര്‍മാതാവും ഷെയിനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയിട്ടും ഡബ്ബിങ് ചെയ്ത് നൽകിയില്ല എന്നാണ് പരാതി. ഇക്കാര്യവും യോഗം ചർച്ച ചെയ്യും.

Top