മെൽബൺ: ഏറെ ഞെട്ടലോടെയാണ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ വേർപാട് ആരാധകർ ഉൾകൊണ്ടത്. ഇതിനിടെ ഷെയ്ൻ വോൺ തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സഹതാരമായിരുന്ന ആദം ഗിൽക്രിസ്റ്റ്.
മരണത്തിന് എട്ടു മണിക്കൂർ മുമ്പാണ് വോൺ തനിക്ക് അവസാനം സന്ദേശം അയച്ചതെന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു. ചർച്ചി, റോഡ് മാർഷിന് ആദരാഞ്ജലി അർപ്പിച്ചെഴുതിയ ആ കുറിപ്പ് നന്നായിരുന്നു. നന്നായി എഴുതി എന്നായിരുന്നു സന്ദേശം ഗിൽക്രിസ്റ്റ് പറഞ്ഞു. അതൊരു ടെക്സ്റ്റ് മെസേജായിരുന്നു. അതായിരുന്നു വോണിൽ നിന്ന് എനിക്ക് ലഭിച്ച അവസാന സന്ദേശവും. അതൊരിക്കലും ഞാൻ ഡീലിറ്റ് ചെയ്യില്ല ഗിൽക്രിസ്റ്റ് പറഞ്ഞു.
മരണത്തിന് ഒരാഴ്ച മുമ്പ് ഞാൻ വോണിനോട് സംസാരിച്ചിരുന്നു. അതിനുശേഷം മരണത്തിന് എട്ട് മണിക്കൂർ മുമ്പാണ് വോണിൽ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടിയത്. എനിക്ക് പതിവായി മെസേജ് അയക്കുന്നവരിലൊരാളാണ് വോൺ. അതുപോലെ ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രം അറിയാവുന്ന ചർച്ച് എന്ന എൻറെ ഇരട്ടപ്പേര് വിളിക്കുന്ന ഒരാളും വോണായിരുന്നു. എൻറെ പേര് തെറ്റായി ഉച്ഛരിച്ച ചെറുപ്പക്കാരനായ ഒരു ഇംഗ്ലീഷ് ആരാധകനാണ് എന്നെ എറിക് ഗിൽചർച്ച് എന്ന് ആദ്യം വിളിച്ചത്. അതുകൊണ്ടുതന്നെ വോൺ എന്നെ എപ്പോഴും ചർച്ചി എന്നായിരുന്നു സ്നേഹത്തോടെ വിളിച്ചത് ഗിൽക്രിസ്റ്റ് വ്യക്തമാക്കി.
താൻ കരിയറിൽ നേടിയ റൺസോ മറ്റെന്തെങ്കിലുമോ ഒന്നും പ്രസക്തമല്ലെന്നും ഷെയ്ൻ വോൺ പന്തെറിയുമ്പോൾ കീപ്പ് ചെയ്തിരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യമായി താൻ കാണുന്നതെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ൻ വോണിനെ(52) തായ്‌ലൻഡിലെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അവധി ആഘോഷിക്കാനും ചികിത്സക്കുമായാണ് വോൺ സുഹൃത്തുക്കൾക്കൊപ്പം തായ്‌ലൻഡിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 708 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള വോൺ ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്.
ഷെയ്ൻ വോണിൻറെ സംസ്കാര ചടങ്ങുകൾ ഈ മാസം 30ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നിശ്ചയിച്ചിട്ടുള്ളത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വോണിൻറെ സംസ്കാരം.