ന്യൂഡൽഹി : ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വാട്സണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ ഷെയ്ന് വാട്സണ് സി.എസ്.കെ താരങ്ങളുമായി നേരത്തെ പങ്കുവച്ചിരുന്നു. ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു മുന്‍ ഓസീസ് താരത്തിന്റെ തീരുമാനം. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരം കൂടിയായ 39 കാരന് ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
ഐപിഎലില്‍ ചെന്നൈ പുറത്തായതിനു പിന്നാലെയാണ് വിരമിക്കല്‍ എന്നതും ശ്രദ്ധേയമാണ്. 2018ല്‍ ചെന്നൈ ഐ.പി.എല്‍ കിരീടം നേടുമ്പോൾ ഫൈനലില്‍ വാട്സണ് സെഞ്ചുറി നേടിയിരുന്നു. ചെന്നൈയ്ക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നുവെന്ന് വാട്സണ് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. 2018ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്നാണ് താരം ചെന്നൈയിലെത്തിയത്. പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിലൂടെയാണ് താരം ഐ.പി.എല്‍ കരിയറിന് തുടക്കം കുറിച്ചത്.
രാജസ്ഥാന് ചാംപ്യന്മാരായ ആദ്യ ടൂര്‍ണമെന്റില്‍ വാട്സണ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2020ല്‍ ഭേദപ്പെട്ട പ്രകടനമാണ് വാട്സണ് പുറത്തെടുത്തത്. മൂന്ന് ടീമുകള്‍ക്കായി 145 ഐ.പി.എല്‍ മത്സരങ്ങളാണ് വാട്സണ് കളിച്ചത്. 29.90 ശരാശരിയില്‍ 3874 റണ്‍സ് താരം നേടി. പുറത്താകാതെ നേടിയ 117 റണ്‍സാണ് ഉയര്‍ന്ന് സ്കോര്‍. 92 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 29 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.