ന്യൂഡല്‍ഹി: ട്വന്റി 20 ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ആസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. മൊഹാലിയില്‍ നാളെ പാകിസ്ഥാനെതിരായ മത്സരത്തിനിറങ്ങാനിരിക്കെയാണ് വാട്‌സന്റെ വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ നിന്ന് വാട്‌സണ്‍ വിരമിച്ചിരുന്നു.
190 ഏകദിന മത്സരങ്ങളില്‍ നിന്നായി 40.54 ശരാശരിയില്‍ 5757 റണ്‍സാണ് 34കാരനായ വാട്‌സണ്‍ നേടിയത്. 31.79 ബൗളിംഗ് ശരാശരിയില്‍ 168 വിക്കറ്റും നേടി. 2011ല്‍ ബംഗ്ലാദേശിനെതിരെ നേടിയ 185 റണ്‍സാണ് ഉയര്‍ന്ന ഏകദിന സ്‌കോര്‍. 59 ടെസ്റ്റ് കളിച്ച വാട്‌സണ്‍ 35.19 ശരാശരിയില്‍ 3731 റണ്‍സാണ് സമ്പാദ്യം. 33.68 ശരാശരിയില്‍ 75 വിക്കറ്റും നേടി.
56 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 1400 റണ്‍സും 46 വിക്കറ്റും സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട വാട്‌സന്റെ സ്‌ട്രൈക്ക് റേറ്റ് 144.47 ആണ്. ട്വന്റി 20യില്‍ ഒരു സെഞ്ചുറിയും 10 അര്‍ദ്ധസെഞ്ചുറികളും വാട്‌സന്റെ പേരിലുണ്ട്. 124 നോട്ട് ഔട്ട് ആണ് ഉയര്‍ന്ന സ്‌കോര്‍. 2012ല്‍ ശ്രീലങ്കയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ പ്ലെയര്‍ ഒഫ് ദ ടൂര്‍ണമെന്റ് ആയി.
2002ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലും 2005ല്‍ പാകിസ്ഥാനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. റിക്കി പോണ്ടിംഗും ആദം ഗില്‍ക്രിസ്റ്റും ഗ്ലെന്‍ മക്ഗ്രാത്തുമെല്ലാം അടങ്ങിയ സുവര്‍ണ താരനിരക്കൊപ്പം കളിക്കാന്‍ വാട്‌സണ് കഴിഞ്ഞു. 2007ലും 2015ലും ലോകകപ്പ് നേടിയ ആസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു. 2013ല്‍ ഇന്ത്യയില്‍ നടന്ന ഒരു ടെസ്റ്റില്‍ ക്യാപ്റ്റനായിരുന്നു. ആസ്‌ട്രേലിയന്‍ പ്രാദേശിക ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ വാടസണ്‍ തുടര്‍ന്നും കളിക്കും.