ഇസ്ലാമബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ നിയമിക്കാന്‍ നീക്കം. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ പരിശീലകനാണ് വാട്‌സണ്‍ ഇപ്പോള്‍. അഞ്ച് വര്‍ഷത്തിന് ശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് ഗ്ലാഡിയേറ്റേഴ്‌സ്.
ഓസ്‌ട്രേലിയയ്ക്കായി 190 ഏകദിനങ്ങളില്‍ നിന്ന് 5,727 റണ്‍സും 168 വിക്കറ്റും വാട്‌സണ്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 59 മത്സരങ്ങളില്‍ നിന്ന് 3,731 റണ്‍സും 75 വിക്കറ്റും താരം നേടിയിട്ടുണ്ട്. 58 ട്വന്റി 20 കളിച്ച വാട്‌സണ്‍ 1462 റണ്‍സ് നേടിയപ്പോള്‍ 48 വിക്കറ്റുകള്‍ സ്വന്തമാക്കി.
അമേരിക്കയില്‍ മേജര്‍ ലീഗ് ക്രിക്കറ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോ യുണികോണ്‍സിനെയും വാട്‌സണ്‍ പരിശീലിപ്പിക്കുന്നുണ്ട്. ഒപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഐസിസി ടൂര്‍ണമെന്റുകളിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി കമന്ററി പറയുന്ന ജോലിയും വാട്‌സണ്‍ ചെയ്യുന്നുണ്ട്. സമീപകാലത്തെ പാകിസ്താന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് മികച്ച പരിശീലകനെ ബോര്‍ഡ് തിരയുന്നത്.