ഷാങ്ഹായ് ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പുറപ്പെട്ടു

narendra modi

ന്യൂഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് പ്രസിഡന്റ്‌ ഷീ ജിന്‍ പിങുമായി അദ്ദേഹം ചര്‍ച്ച നടത്തും.

ദോക് ലാം സംഘര്‍ഷത്തെ തുടര്‍ന്ന് വഷളായ ബന്ധം പഴയ നിലയിലാക്കുന്നതിന് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണ് നേതാക്കളുടെ കൂടിക്കാഴ്ച്ച. കഴിഞ്ഞ മാസം വൂഹാനില്‍ ഇരുവരും അനൗദ്യോഗികമായി ചര്‍ച്ച നടത്തിയിരുന്നു.

modi-2

ഈ കൂടിക്കാഴ്ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന് ഇരുനേതാക്കളും ഇന്ന് പരിശോധിക്കും. ഭീകരതക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന് ഷാങ്ഹായ് ഉച്ചകോടി വേദിയാകും.

ആറാഴ്ചയ്ക്കിടെ രണ്ടാം തവണയാണു മോദി ചൈന സന്ദര്‍ശിക്കുന്നതും ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തുന്നതും. രണ്ടു ദിവസത്തെ ഉച്ചകോടിക്കിടയില്‍ മോദി ആറു രാഷ്ട്രത്തലവന്മാരുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ആഗോളതലത്തില്‍ സുപ്രധാനമായ പല തര്‍ക്കവിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്കു വരുന്നുണ്ട്.

ഇറാനിലെ ആണവക്കരാറില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, സിംഗപ്പൂരില്‍ 12നു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച, അമേരിക്കയുടെ പുതിയ വ്യാപാര നയം, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി എന്നിവയാണ് പ്രധാനമായും ചര്‍ച്ച നടത്തുന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Top