പൂതന പരാമര്‍ശം ; തെളിവ് ഹാജരാക്കാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്‌

ആലപ്പുഴ: വ്യക്തിഹത്യ നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.

പരാതിക്കാരി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പൊലീസ് ആണെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യ തെഞ്ഞെടുപ്പ് ഓഫീസര്‍ അടുത്ത ദിവസം തുടര്‍നടപടി തീരുമാനിക്കും. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ച് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്.

ഇതിനിടെ പൂതന പരാമര്‍ശത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുഖപത്രത്തിനു എതിരെ മന്ത്രി ജി സുധാകരനും മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിഷയത്തില്‍ ഡി ജി പിയോടും ആലപ്പുഴ കളക്ടറോടും അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് യുഡിഎഫ് നേതാക്കള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് മന്ത്രി ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

പൂതന പരാമശത്തിലൂടെ മന്ത്രി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഷാനിമോള്‍ ഉസ്മാന്‍ കുത്തിയതോട് പൊലീസിലും ആലപ്പുഴ എസ്പിക്കും ഇന്ന് പരാതി നല്‍കിയിരുന്നു.

കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു ഷാനി മോള്‍ ഉസ്മാനെതിരായ മന്ത്രി സുധാകരന്റെ പരാമര്‍ശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

Top