തിരുവനന്തപുരം: ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് റാണി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരിൽ സൂചന. കാര്‍ഡ് കളിയിലെ റാണിയുടെ അതേ രീതിയിലാണ് പോസ്റ്ററില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍.
ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം നിയതി കാദമ്പിയും മുഖ്യ വേഷം ചെയ്യുന്നു.
മേന മേലത്ത് ആണ് ഗാനങ്ങൾ എഴുതി സംഗീതം നൽകിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുനന്ത് കോദൈ അരുൺ ആണ്. വിനായക് ഗോപാൽ ആണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ, പശ്ചാത്തല സംഗീതം ജൊനാഥൻ ബ്രൂസ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു ഗംഗാധരൻ, അസോസിയേറ്റ് ഡയറക്ടർ നിതീഷ് നാരായണൻ.
സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഞ്ജിത്തിന്റെ കേരള കഫേയിൽ ഐലന്റ് എക്സ്‌പ്രസ് ആണ് ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും പ്രിയ മണിയും ഉൾപ്പെടെ വൻ താരനിരയിൽ പതിനെട്ടാം പടി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.
ഉറുമി, നെത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി, മാമാങ്കം തുടങ്ങിയ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ശങ്കർ രാമകൃഷ്ണൻ നടൻ എന്ന നിലയിലും തിളങ്ങുന്നു. വരാൽ ആണ് ശങ്കർ രാമകൃഷ്ണന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. കെ.ജി.എഫ്സ 2 തുടങ്ങി അന്യഭാഷ ചിത്രങ്ങളുടെ മലയാള പതിപ്പുകൾക്കും രചന നിർവഹിച്ചിട്ടുണ്ട്.