തമിഴ് സംവിധായകന്‍ ഷങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ വിവാഹിതയാവുന്നു. ഷങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുണ്‍ കാര്‍ത്തിക്കാണ് ഐശ്വര്യയുടെ വരന്‍. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതായി ഐശ്വര്യയുടെ സഹോദരിയും നടിയുമായ അദിതി ഷങ്കറാണ് അറിയിച്ചു. ലവധൂവരന്മാരുടെ ചിത്രങ്ങള്‍ അദിതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐശ്വര്യ, അദിതി, അര്‍ജിത് എന്നിങ്ങനെ മൂന്നുമക്കളാണ് ഷങ്കറിന്. ഐശ്വര്യയും അദിതിയും ഡോക്ടര്‍മാരാണ്. അദിതി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.
ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായി ഐശ്വര്യയുടെ വിവാഹംകഴിഞ്ഞിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അത്യാഡംബരത്തോടെ മഹാബലിപുരത്തായിരുന്നു വിവാഹം നടന്നത്. എന്നാല്‍ പോക്‌സോ കേസില്‍ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവര്‍ വിവാഹമോചിതരായി. രോഹിത് ആരോപണവിധേയനായതിനു പിന്നാലെ സംവിധായകന്‍ ഷങ്കര്‍ ഇവര്‍ക്കായി ഒരുക്കിയ വമ്പന്‍ വിവാഹ റിസപ്ഷന്‍ പിന്‍വലിച്ചിരുന്നു. ഇരുവരുടെയും വിവാഹ ജീവിതത്തിന് രണ്ടു മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
രജനികാന്ത് നായകനായ 2.0യ്ക്കു ശേഷം ഷങ്കറിന്റെ സംവിധാനത്തില്‍ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണ്‍ തേജ നായകനാവുന്ന ഗെയിം ചെയ്ഞ്ചര്‍ എന്നിവയാണ് സംവിധായകന്റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്റെ കാരണം ഷങ്കറിന്റെ മകളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവും ഉയര്‍ന്നിരുന്നു. കാര്‍ത്തി നായകനായ ‘വിരുമന്‍’ എന്ന ചിത്രത്തില്‍ നായികയായാണ് അദിതി സിനിമയില്‍ ശ്രദ്ധേയയാകുന്നത്. വിരുമനുശേഷം ശിവകാര്‍ത്തികേയന്‍ നായകനായ മാവീരനിലും അവര്‍ നായികയായെത്തി. മികച്ച ഗായികകൂടിയാണ് അദിതി.
View this post on Instagram