ന്യൂഡല്‍ഹി : മഹാരാഷ്ട്രയ്ക്കു പിന്നാലെ നാഗാലാന്‍ഡിലും എന്‍സിപി നേതാവ് ശരദ് പവാറിനു തിരിച്ചടി. നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ എഴ് എംഎല്‍എമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎല്‍എമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റകുളില്‍ ഏഴിടത്തു ജയിച്ച് എന്‍സിപി ശക്തി തെളിയിച്ചിരുന്നു. തുടര്‍ന്ന് ബിജെപി-എന്‍ഡിപിപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. സംസ്ഥാന താല്‍പര്യം കണക്കിലെടുത്താണ് എന്‍ഡിപിപിയുടെ മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നതെന്നാണ് ശരദ് പവാര്‍ പറഞ്ഞിരുന്നത്. എന്‍ഡിപിപി- ബിജെപി സഖ്യത്തിന് 60 അംഗ സഭയില്‍ 37 പേരുടെ പിന്തുണയുണ്ടെങ്കിലും മറ്റു പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം ഷിന്‍ഡെ സര്‍ക്കാരില്‍ ചേര്‍ന്നത് ശരദ് പവാറിനു വന്‍തിരിച്ചടിയായിരുന്നു. മുപ്പതിലധികം എംഎല്‍എമാരുടെ പിന്തുണയാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്.