മഹാരാഷ്ട്ര സഖ്യത്തില്‍ കല്ലുകടി, താക്കറെയുടെ തീരുമാനത്തിനെതിരെ ശരദ് പവാര്‍

മുംബൈ: മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. എല്‍ഗാര്‍ പരിഷദ് കേസ് (ഭീമ കൊറേഗാവ് കേസ്) എന്‍ഐഎക്ക് അന്വേഷിക്കാന്‍ അനുമതി നല്‍കിയതാണ് ശരദ് പവാറിനെ ചൊടിപ്പിച്ചത്.

കേസ് എന്‍ഐഎക്ക് വിടാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് തീരുമാനിച്ചത്. കേസ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും വിട്ടുകൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനവും അനീതിയാണെന്ന് ശരദ് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്ടിവിസ്റ്റുകളടക്കമുള്ള ചിലര്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഭീമ കൊറേഗാവ് കേസ്. കേസില്‍ ഇടത്, ദലിത് ആക്ടിവിസ്റ്റുകളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍ , സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റൗട്ട് , ഷോമ സെന്‍ , അരുണ്‍ ഫെരേര, വെര്‍നന്‍ ഗോണ്‍സാല്‍വസ്, സുധാ ഭരദ്വാജ്, വരവര റാവു തുടങ്ങിയവരാണ് അറസ്റ്റിലായത്.

2018ലാണ് കേന്ദ്ര സര്‍ക്കാര്‍ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്‍സിപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് എന്‍ഐഎ അന്വേഷണത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി പ്രത്യേക അധികാരമുപയോഗിച്ച് ആഭ്യന്തര വകുപ്പിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നാണ് എന്‍സിപിയുടെ വാദം.

Top