ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന് എന്‍സിപിയും കോണ്‍ഗ്രസും

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യവുമായി സഖ്യകക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍സിപിയുടെ ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങുമാണ് ലോയ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യമാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ വേണമെന്നും, അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും ആരുടേയും പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായടക്കമുള്ളവര്‍ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന സി ബി ഐ കോടതി ജഡ്ജിയായിരിക്കെ 2014 ഡിസംബര്‍ 1നാണ് ബി എച്ച് ലോയ മരണപ്പെടുന്നത്. 2014 ലെ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായത് 2017ലാണ്. സൊറാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ലോയയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും മരണത്തില്‍ സംശങ്ങളുണ്ടെന്നും വ്യക്തമാക്കി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. ലോയയയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു. കോണ്‍ഗ്രസും എന്‍ സി പിയും രാജ്യമാകെ വിഷയം വലിയ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.

Top