രാഹുലും ഖർഗെയുമായി കൂടിക്കാഴ്ച നടത്തി പവാർ; ‘ഇന്ത്യ’ മുന്നണിയുടെ ഭാവി പദ്ധതികൾ ചർച്ചയായി

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ‍പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ഭാവി പദ്ധതികൾ ചർച്ച ചെയ്തു. വരാനിരിക്കുന്ന നിയമസഭാ, പൊതു തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ ശ്രമിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും നേതാക്കൾ ചർച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ശരദ് പവാർ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദ്, കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഗുർദീപ് സപ്പൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗത്തിനായുള്ള പദ്ധതികളും നേതാക്കൾ തയാറാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മുംബൈയിലാണ് (ഓഗസ്റ്റ് 31 – സെപ്റ്റംബർ 1) ഇന്ത്യ മുന്നണിയുടെ അവസാന യോഗം ചേർന്നത്. അടുത്ത യോഗം ഉടൻ ചേരുമെന്നാണ് റിപ്പോർട്ട്. അടുത്ത യോഗം ബംഗാളിൽ ചേർന്നേക്കുമെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടു.

ഈ മാസം മധ്യപ്രദേശിലെ ഭോപാലിൽ നടക്കാനിരുന്ന ഇന്ത്യ സഖ്യത്തിന്റെ സംയുക്ത യോഗം റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾ നടത്തിയ സനാതന ധർമത്തിനെതിരായ പരാമർശങ്ങളിൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് ഭോപാലിലെ യോഗം റദ്ദാക്കിയത്.

Top