ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ മാതാപിതാക്കള്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു

Shardul Thakur

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ മാതാപിതാക്കള്‍ക്ക് പല്‍ഗാറിലുണ്ടായ വാഹനാപടകത്തില്‍ പരുക്കേറ്റു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ഇരുവരെയും ഉടനെ സമീപത്തുള്ള ഡോ.ധവാലെ ചാരിറ്റബിള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദരം സ്‌കൂളിനടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നിവീഴുകയായിരുന്നു. അപകടത്തില്‍ ഷര്‍ദ്ദുലിന്റെ അച്ഛന്‍ നരേന്ദ്ര ഠാക്കൂറും ഭാര്യ ഹാന്‍സയും തെറിച്ചുവീണു.

പിതാവ് നരേന്ദ്ര ഠാക്കൂറിനെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. ഷര്‍ദ്ദുലിന്റെ അമ്മയ്ക്ക് നിസാരപരിക്കുകള്‍ മാത്രമാണുള്ളത്. രണ്ടു തവണ ഹൃദയ ശസത്രക്രിയക്ക് വിധേയനായിട്ടുള്ള നരേന്ദ്ര ഠാക്കൂര്‍ പ്രമേഹ രോഗി കൂടിയാണ്.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഷര്‍ദ്ദുലിനെ ഈ ദു:ഖവാര്‍ത്ത തേടിയെത്തിയത്. അപകട വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ഷര്‍ദ്ദുല്‍ പുണെയില്‍ നിന്ന് മുംബൈയിലേക്ക് പോയി.

Top