share market- tata-group-stocks-gain

മുംബൈ: മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം ടാറ്റ ഗ്രൂപ്പ് ഒഹരികളില്‍ കുതിപ്പ്.

ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ടാറ്റ ഓഹരികള്‍ തളര്‍ച്ചയിലായിരുന്നു.

ആകെ 44,000 കോടി രൂപയുടെ നഷ്ടമാണ് ഓഹരികളില്‍ മൂന്ന് ദിവസംകൊണ്ട് ഉണ്ടായത്.

എന്നാല്‍, നാലാം ദിവസം ഓഹരികളില്‍ കുതിപ്പാണ് പ്രകടമായത്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കമ്യൂണിക്കേഷന്‍സ്, ടാറ്റ ഇലക്‌സി, ടാറ്റ ഗ്ലോബല്‍ ബിവറേജ്, ടാറ്റ കെമിക്കല്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍, വോള്‍ട്ടാസ്, ടൈറ്റാന്‍ തുടങ്ങിയവയില്‍ ഒരു ശതമാനം മുതല്‍ നാല് ശതമാനംവരെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ ഇലക്‌സിയാണ് നാല് ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയത്. ടാറ്റ കമ്യൂണിക്കേഷന്‍സും ടാറ്റ മോട്ടോഴ്‌സും മികച്ച നേട്ടത്തിലാണ്.

ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിന് മിസ്ട്രി അയച്ച മെയില്‍ പരസ്യമായതിനെതുടര്‍ന്ന് ഇന്നലെ ടാറ്റ ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടിരുന്നു.

ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഇന്ത്യന്‍ ഹോട്ടല്‍സും ഇപ്പോള്‍ നേട്ടത്തിലാണ്.

1.18 ലക്ഷംകോടി രൂപയുടെ മൂല്യശോഷണമുണ്ടാകുമെന്ന മിസ്ട്രിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള വിവിധ ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് ബി.എസ്.ഇ.യും എന്‍.എസ്.ഇ.യും വിശദീകരണം തേടിയിട്ടുണ്ട്.

Top