കോഴിക്കോട്: ഭക്ഷണം കഴിക്കാന്‍ കാശില്ലാത്തവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ജയില്‍ വകുപ്പിന്റെ ഷെയര്‍ മീല്‍ പദ്ധതി കോഴിക്കോടും ആരംഭിച്ചു.
ജയില്‍ ചപ്പാത്തി വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
നേരത്തെ എറണാകുളം ജില്ലാ ജയിലിലാരംഭിച്ച പദ്ധതി വിജയകരമായി മുന്നേറുന്ന സാഹചര്യത്തിലാണ് പദ്ധതി വിപുലീകരിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്.
വിശക്കുന്നവര്‍ക്ക് മുന്നില്‍ അന്നദാതാക്കളാണ് ഇനി മുതല്‍ കോഴിക്കോട്ടേയും ജയില്‍ തടവുകാര്‍.
തുശ്ചമായ വിലയില്‍ വില്‍ക്കുന്ന ജയില്‍ ചപ്പാത്തി കിറ്റ് വാങ്ങാനെത്തുന്നവരുമായി സഹകരിച്ചാണ് ഷെയര്‍ മീല്‍ പദ്ധതി നടപ്പാക്കുന്നത്.
ജയില്‍ വകുപ്പിന്റെ കൗണ്ടറിലെത്തിയാല്‍ ആവശ്യമുള്ളവര്‍ക്ക് കൂപ്പണെടുത്ത് ഭക്ഷണം കഴിക്കാനാകും. കൂപ്പണുകള്‍ അധികമുണ്ടെങ്കില്‍ മെഡിക്കല്‍ കോളജ്, മാനസികാരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണമെത്തിച്ച് നല്‍കാനും ജയില്‍ വകുപ്പിന് പദ്ധതിയുണ്ട്.
വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനൊപ്പം തടവുകാരെ കാരുണ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. ഉത്തര മേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ ആദ്യ കൂപ്പണെടുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.