44 ബില്ല്യണ്‍ ഡോളര്‍, ഇലോണ്‍ മസ്‍ക് ട്വിറ്റര്‍ വാങ്ങും, തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം

വാഷിംഗ്ടൺ: ട്വിറ്റർ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോൺ മസ്‍ക്കിൻറെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യൺ ഡോളറിന് മസ്‍ക് ട്വിറ്റർ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റർ ഓഹരി ഉടമകൾ വോട്ട് ചെയ്തു. കരാറിൽ നിന്ന് പിന്മാറാൻ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റർ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോൺ മാസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്.

മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത് തടയാൻ അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റർ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. 44 ബില്യൺ ഡോളർ എന്ന മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാൻ ഓഹരി ഉടമകളിൽ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മർദമുണ്ടായിരുന്നു. തുടർന്ന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോൺ മസ്കും കമ്പനിയും തമ്മിൽ ധാരണയായി. അതേസമയം ഇലോൺ മസ്ക് 700 കോടി ഡോളർ മൂല്യമുള്ള ടെസ്‍ലയുടെ ഓഹരികൾ വിൽക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻറെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫയൽ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്‍ലയുടെ 7.9 ദശലക്ഷം ഓഹരികൾ വിറ്റത്.

Top