കിട്ടാക്കടത്തെ തുടര്‍ന്ന് പ്രതിസന്ധി; ഐ.ഡി.ബി.ഐ. ബാങ്ക് എല്‍.ഐ.സിയുടെ നിയന്ത്രണത്തിലേക്ക്‌!

ഹൈദരാബാദ്: കിട്ടാക്കടത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഐ.ഡി.ബി.ഐ. ബാങ്ക് വൈകാതെ തന്നെ എല്‍.ഐ.സിയുടെ നിയന്ത്രണത്തിലാകുമെന്ന് റിപ്പോര്‍ട്ട്. ബാങ്കിലെ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്‍ത്തുന്നതിനും എല്‍.ഐ.സി.ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) യുടെ അനുമതി ലഭിച്ചിട്ടുണ്ട്.

ഏഴു വര്‍ഷത്തിനുള്ളില്‍ ഓഹരി പങ്കാളിത്തം 15 ശതമാനമായി കുറച്ചു കൊണ്ടു വരണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയത്. അതിനാല്‍ ബാങ്കിങ് രംഗത്തേക്ക് ചുവടുവെയ്ക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് എല്‍.ഐ.സി.ക്ക്. നിലവില്‍, 10.82 ശതമാനം ഓഹരി പങ്കാളിത്തമാണ് എല്‍.ഐ.സി.ക്ക് ഐ.ഡി.ബി.ഐ. ബാങ്കില്‍ ഉള്ളത്.

ബാങ്കിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ എല്‍.ഐ.സി.യെ കൊണ്ട് ഏറ്റെടുപ്പിക്കുന്നത്. എല്‍.ഐ.സി.ക്ക് 51 ശതമാനം പങ്കാളിത്തമാകുന്നതോടെ ഐ.ഡി.ബി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്കിനെപ്പോലെ സ്വകാര്യ ബാങ്കായി മാറും. നിലവില്‍ കേന്ദ്രസര്‍ക്കാരിന് 80.96 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഇത് 49 ശതമാനത്തിന് താഴെ എത്തുന്നതാണ്.

Top