ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 40ാം എഡിഷന് ശനിയാഴ്ച സമാപനം. കോവിഡ് മഹാമാരിക്കെതിരെ സുരക്ഷിത മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മേളയിൽ ലക്ഷക്കണക്കിന് പേരാണ് എത്തിയത്.
സ്കൂൾ കുട്ടികളുടെയും യുവാക്കളുടെയും സാന്നിധ്യം പുതുതലമുറയെ സംബന്ധിച്ച് പ്രതീക്ഷ പകരുന്നതായിരുന്നു. പ്രസാധകർക്ക് മികച്ച പിന്തുണ നൽകാനും ഷാർജയുടെ വായനശാലകൾക്ക് തിളക്കം കൂട്ടാനുമായി 45 ലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് ശൈഖ് സുൽത്താൻ അനുവദിച്ചിരുന്നു. മേളയുടെ ആദ്യദിവസം പങ്കെടുത്ത നൊബേൽ ജേതാവ് അബ്ദുറസാഖ് ഗുർനെ മുതൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വായനാലോകത്തെ പ്രഗത്ഭരുടെ സാന്നിധ്യവും ഉത്സവത്തിന് മാറ്റുകൂട്ടി.
83 രാജ്യങ്ങളിൽനിന്ന് ആയിരത്തി അഞ്ഞൂറിലേറെ പ്രസാധകരാണ് മേളയിലെത്തിയത്. ഇന്ത്യൻ പവലിയന്റെ മുക്കാൽ പങ്കും കയ്യടക്കിയത് മലയാളമായിരുന്നു.അറബി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റുപോയതും മലയാള പുസ്തകങ്ങൾ തന്നെ. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സന്തോഷ് ജോർജ് കുളങ്ങര, മജീഷ്യൻ മുതുകാട്, പി.എഫ്. മാത്യൂസ്, മനോജ് കുറൂർ, ദീപ നിശാന്ത്, സുറാബ് അടക്കമുള്ളവർ കേരളത്തിൽനിന്നെത്തി. ഇന്ത്യയിൽനിന്ന് 81 പ്രസാധകരും ജ്ഞാനപീഠ ജേതാവ് അമിതാവ് ഘോഷ്, എഴുത്തുകാരായ ചേതൻ ഭഗത്, രവീന്ദർ സിങ്, അർഫീൻ ഖാൻ, ജെയ് ഷെട്ടി, പ്രണയ് ലാൽ, വീർ സാങ്വി എന്നിവരും എത്തി.