ഷാര്‍ജ: പുതിയ ബ്രാന്‍ഡ് ലോഗോ പരിചയപ്പെടുത്തി ഷാര്‍ജ. അറബ് സാംസ്കാരിക അടയാളങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. ഉപഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ഷാര്‍ജയുടെ സാംസ്കാരികമായ സവിശേഷത പറയുന്നതാണ് ലോഗോയിലെ അറേബ്യന്‍ വാസ്തുശില്പ രീതി. ‘നിങ്ങളുടെ ഷാര്‍ജ’ തലക്കെട്ടില്‍ വിനോദസഞ്ചാര കാമ്പയിനും തുടക്കം കുറിച്ചു. ഷാര്‍ജ സര്‍ക്കാറിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് പുതിയ ലോഗോ ബ്രാന്‍ഡ് രൂപപ്പെടുത്തിയിരിക്കുന്നത്.’കഴിഞ്ഞ 52 വര്‍ഷമായി ഷാര്‍ജ അതിവേഗം വളര്‍ന്നു. ഈ ഐഡന്റിറ്റി ആളുകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ഒന്നാണ്. ‘നിങ്ങളുടെ ഷാര്‍ജ’ എന്ന എമിറേറ്റിന്റെ സാരാംശം ഉള്‍ക്കൊള്ളുന്ന ടാഗ് ലൈനോടുകൂടിയാണ് വിനോദസഞ്ചാര കാമ്പയിന് തുടക്കം കുറിച്ചത്. ഷാര്‍ജയുടെ തുടര്‍ച്ചയായ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന മികച്ച സേവനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും’. അല്‍ ഖാസിമി പറഞ്ഞു.
ജനുവരി 28 ഞായറാഴ്ച നഗരത്തിലെ അല്‍ നൂര്‍ ദ്വീപില്‍ നടന്ന ചടങ്ങിലാണ് ഷാര്‍ജയുടെ പുതിയ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. പുതിയ ഐഡന്റിറ്റി ആരംഭിക്കുന്നതോടെ താമസത്തിനും വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഷാര്‍ജ. വിനോദസഞ്ചാരം, താമസം, ജോലി, പഠനം, നിക്ഷേപം എന്നീ മേഖലകളിലെ ആകര്‍ഷണീയതയ്ക്കൊപ്പം ഷാര്‍ജയുടെ ശക്തിയും വ്യതിരിക്ത സവിശേഷതകളും തിരിച്ചറിയുന്നതിന് അനുസരിച്ചാണ് പുതിയ ഐഡന്റിറ്റി വികസിപ്പിച്ചതെന്നും അല്‍ ഖാസിമി പറഞ്ഞു. പുതിയ ഐഡന്റിറ്റി എമിറേറ്റിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.