പെട്രോളിയം ഉത്പാദന രംഗത്ത് പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ഷാര്‍ജ പദ്ധതി ആവിഷ്‌കരിച്ചു

ഷാര്‍ജ: പെട്രോളിയം ഉത്പാദന രംഗത്ത് പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ഷാര്‍ജ പദ്ധതി ആവിഷ്‌കരിച്ചു. എണ്ണ, ഗ്യാസ് പര്യവേഷത്തിനായി മൂന്ന് ഇടങ്ങളാണ് ഷാര്‍ജ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 1978ല്‍ പ്രകൃതി വാതകം കണ്ടെത്തുകയും പിന്നീട് വ്യവസായികമായി വളരുകയും ചെയ്ത് സജ മേഖലയാണ് പ്രഥമ സ്ഥാനത്തുള്ളത്.

ആറു ലക്ഷം ഏക്കര്‍ പ്രദേശത്ത് നടത്തിയ പര്യവേഷണത്തിലാണ് സജ മേഖലയിലെ വാതക നിക്ഷേപം കണ്ടെത്തിയത്. 16,656 അടിയാണ് ഇതിനായി കുഴിച്ചിരിക്കുന്നത്. ഹൈഡ്രോ കാര്‍ബണുകളുടെ സാന്നിധ്യം ഈ മേഖലയില്‍ വലിയ തോതിലുള്ളത് കണക്കിലെടുത്തതാണ് പുതിയ പര്യവേക്ഷണത്തിന് മേഖല ഒരുങ്ങുന്നത്. രണ്ടാം സ്ഥാനത്ത് അല്‍ മദാം മേഖലയാണ്. 1982ല്‍ എണ്ണ കണ്ടെത്തുകയും 84ല്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്ത ദുബായുടെ അധീനതയിലുള്ള മാര്‍ഗം എണ്ണ പാടത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയിലും പെട്രോളിയം രൂപപ്പെടാനുള്ള ഭൂമിശാസ്ത്ര പരമായ പ്രത്യേകതയുമാണ് ഈ മേഖല തെരഞ്ഞെടുക്കാന്‍ കാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നത്.

ആഴത്തില്‍ ഹൈഡ്രോ കാര്‍ബണുകള്‍ നിക്ഷേപിക്കപ്പെട്ട ശിലകള്‍, പെട്രോളിയം രൂപപ്പെടലിനു സഹായിക്കുന്ന താപനില, ഇതിനെ സംഭരിക്കാന്‍ കഴിവുള്ള അകം പൊള്ളയായ ശില, എണ്ണയെ ഭൂമിയുടെ ഉപരിതലത്തിലേക്ക് കടത്തി വിടാതെ തടഞ്ഞ് നിര്‍ത്തുന്ന അടപ്പ് ശില തുടങ്ങിയവ തെരഞ്ഞെടുത്ത മേഖലകളുടെ പ്രത്യേകതകളാണ്. മൂന്നാമത്തേത് കിഴക്കന്‍ മലയോര മേഖലയാണ്. എന്നാല്‍ കല്‍ബ, ഖോര്‍ഫക്കാന്‍ തുടങ്ങിയ തീരമേഖലകളില്‍ തത്കാലം പര്യവേഷണം വേണ്ടായെന്ന നിലപാടിലാണ് ഷാര്‍ജ മുന്‍കൈ എടുത്തിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയല്‍ കമ്പനി എസ്.എന്‍.ഒ.സി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ കുതിപ്പുകള്‍ക്ക് ഊര്‍ജ്ജം പകരുന്നത് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ്.

Top