വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക പരിപാടികള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ

sharjah

ഷാര്‍ജ: കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ. സാമൂഹിക ഒത്തുചേരലുകള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുതുക്കിയത്. വീടുകളില്‍ വെച്ച് നടക്കുന്ന സാമൂഹിക ചടങ്ങുകള്‍ക്ക് അന്‍പത് പേരിലധികം പങ്കെടുക്കാന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഹാളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം. എല്ലാവരും പരസ്പരം നാല് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നും ഞായറാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പ്രത്യേകമായി തയ്യാറാക്കുന്ന വിവാഹ ടെന്റുകളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം. സാമൂഹിക അകലം ഉറപ്പാക്കുകയും എല്ലാ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും സംഘാടകര്‍ ഉറപ്പുവരുത്തണം. പൂര്‍ണമായി വാക്‌സിനെടുത്തവരും അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരും മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാവൂ.

ചടങ്ങുകളുടെ ദൈര്‍ഘ്യം നാല് മണിക്കൂറില്‍ കവിയരുതെന്നും ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതര രോഗമുള്ളവര്‍, പ്രായമേറിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍ തുടങ്ങിയവരൊന്നും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുകയും മറ്റ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. പരസ്പരം സ്പര്‍ശിച്ചുകൊണ്ടുള്ള ആശംസാ പ്രകടനങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Top