തിരുവനന്തപുരം: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച കേരളത്തിലെത്തും.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തുന്നത്.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് വിമാനമിറങ്ങുക.
തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റില്‍ വച്ച് മന്ത്രിസഭാംഗങ്ങളുമായി സുല്‍ത്താന്‍ ബിന്‍ കൂടിക്കാഴ്ച നടത്തും.
ഷാര്‍ജ ഭരണാധികാരിയുടെ ബഹുമാനാര്‍ഥം തിങ്കളാഴ്ച ഗവര്‍ണര്‍ അദ്ദേഹത്തിന് ഉച്ചവിരുന്ന് നല്‍കും.
അന്ന് വൈകിട്ട് തന്നെ ഷാര്‍ജ ഭരണാധികാരിക്കായി കേരളീയ കലാരൂപങ്ങളുടെ അവതരണവും ഉണ്ടാകും.
അടുത്ത ദിവസം രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ച്് ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി.ലിറ്റ് സമ്മാനിക്കും.
കൂടാതെ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് സ്വകാര്യ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ബുധനാഴ്ച കൊച്ചിയിലെത്തും.
മാത്രമല്ല, അന്നു വൈകിട്ട് കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങുകയും ചെയ്യും. ഷാര്‍ജയിലെ ഉന്നത ഭരണനേതൃത്വത്തിനൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ വെ.എ.റഹീം എന്നിവരും ഷാര്‍ജ ഭരണാധികാരിയുടെ ഔദ്യോഗിക സംഘത്തിലുണ്ട്.