സ്രാവിനെ ഭക്ഷിച്ച് ഭീമൻ മുതല: ചിത്രങ്ങൾ വൈറൽ

കാൻബെറ: ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫറുടെ ക്യാമറകണ്ണുകളിൽ പതിഞ്ഞ അപൂർവ്വ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. 680 കിലോയോളം ഭാരമുള്ള ഒരു ഭീമൻ മുതല സ്രാവിനെ ഭക്ഷിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കടലിൽ വച്ചാണ് ഇരുജീവികളും തമ്മിലുള്ള സംഘർഷം എന്നതാണ് ശ്രദ്ധേയം. ഫോട്ടോഗ്രാഫറും ഗവേഷകനുമായ മാർക്ക് സെംബിക്കിയുടെ ക്യാമറയിലാണ് ചിത്രങ്ങൾ പതിഞ്ഞത്.

സാധാരണഗതിയിൽ ശുദ്ധജലത്തിൽ മാത്രം ജീവിക്കുന്ന ജീവിയാണ് മുതലകൾ. സ്രാവുകൾ കടലിലും. കടലിൽ ജീവിക്കുന്ന ജീവിയായ സ്രാവും മുതലയും തമ്മിലൊരു സംഘർഷം ഉണ്ടാകാൻ സാധാരണ നിലയിൽ യാതൊരു സാദ്ധ്യതയുമില്ല. എന്നാൽ ഇവ രണ്ടും കൂടിയുള്ള സംഘർഷമാണ് നോർത്ത് ക്വീൻസ്‌ലാൻഡിൽ സംഭവിച്ചത്. അതുകൊണ്ടാണ് ചിത്രങ്ങൾ കൗതുകമാകുന്നതും.

നിരവധി കമന്റുകളാണ് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. എങ്ങനെ മുതല കടലിലെത്തി എന്നതാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകളിൽ കൂടുതലും. ആഴ്ചകൾക്ക് മുൻപ് ഓസ്ട്രേലിയയിൽ ഉണ്ടായ കനത്ത മഴയിൽ ക്വീൻസ്‌ലാൻഡിനെ നിരവധി ഡാമുകൾ തുറന്നുവിട്ടിരുന്നു. ഇതിലൂടെയാകാം മുതല കടലിൽ എത്തപ്പെട്ടതെന്നാണ് വിലയിരുത്തൽ. അതേസമയം മുതലയെ കടൽതീരത്ത് കണ്ട ആശങ്കയിലാണ് പ്രദേശവാസികൾ. ഈ സാഹചര്യത്തിൽ മുതലയെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Top