തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയെ നെയ്യാറ്റിൻകര കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കവേ കോടതിയിൽ വിവിധ വാദങ്ങളുയർത്തി പ്രതിഭാഗം രംഗത്ത് വന്നിരുന്നു. ഗ്രീഷ്മയുടെ വീട്ടിലെ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ലെന്നും മരണത്തിനിടയാക്കിയ വിഷം ഷാരോൺ കൊണ്ടുവരാൻ സാധ്യതയില്ലേയെന്നും പ്രതിഭാഗം ചോദിച്ചു. കേസിൽ ഗൂഢാലോചനാ കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഷാരോൺ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നും കുറ്റപ്പെടുത്തി.
ഗ്രീഷ്മയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയിൽ നൽകരുതെന്നും ഇല്ലാത്ത തെളിവുണ്ടാക്കുമെന്നും പ്രതിഭാഗം വാദിച്ചു. ഷാരോണിന്റെ മരണ മൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും ഗ്രീഷ്മയെ ക്രിമിനലാക്കുന്ന പെരുമാറ്റം ഷാരോണിന്റെ ഭാഗത്തു നിന്നുമുണ്ടായെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
അതേസമയം കേസിൽ കേരളാ പൊലീസ് വീണ്ടും നിയമോപദേശം തേടും. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് ഡിജിപി നിയമോപദേശം തേടുന്നത്. കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാമെന്നായിരുന്നു നേരത്തെ ലഭിച്ച നിയമോപദേശം. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു. കേസ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.