തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‍മയുടെ വീട്ടില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റെ ബാക്കിയും പൊലീസിന് കിട്ടി. ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്‍തതിനെ കുറിച്ച് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചത്.
പൊലീസ് സീൽ ചെയ്തിരുന്ന ഗ്രീഷ്മയുടെ വീട് ഇന്നലെ കുത്തിതുറന്നതില്‍ അന്വേഷണം പളുകൽ പൊലീസ് നടത്തുകയാണ്. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
പ്രധാനപ്പെട്ട തെളിവുകള്‍ ഒന്നും വീട്ടിലില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും തെളിവെടുപ്പിന് തൊട്ടുമുമ്പ് ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഷാരോണിനെ കൊന്നത് താനാണെന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. അതേസമയം പാറശാല ഷാരോണ്‍ കേസില്‍ കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.