സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രസ്താവന; മോദിക്കെതിരെ തരൂര്‍

 

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലീം വിരോധം കൊണ്ടാണെന്ന് ശശി തരൂര്‍ എംപി.പ്രധാനമന്ത്രി ആയ ശേഷവും മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വളരെ മോശമാണെന്ന് തരൂര്‍ വിമര്‍ശിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ഇനിയും ശക്തമാകുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിഷേധം കനത്തതോടെ എന്‍ആര്‍സി നടപ്പാക്കാന്‍ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ പ്രസ്താവന നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട് തിരിച്ചറിയാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

 

 

Top