തരൂരിന്റെ രാജി അനിവാര്യം, തിരുവനന്തപുരം സീറ്റില്‍ നോട്ടമിട്ട് ഇടതുപക്ഷവും ബി.ജെ.പിയും

Sasi tharoor

തിരുവനന്തപുരം: ശശി തരൂരിനെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചതോടെ തരൂരിന്റെയും കോണ്‍ഗ്രസ്സിന്റെയും കാര്യം കുഴപ്പത്തിലായി. പത്തു വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടതിനാല്‍ തരൂരിനെ ഇനി ജയിലിലടക്കാതെ നിവൃത്തിയില്ല.

ഡല്‍ഹി പൊലീസ് അത് ചെയ്യുമോ അതോ കോടതി തന്നെ നിര്‍ദ്ദേശം നല്‍കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇതോടെ എം.പി സ്ഥാനം തരൂരിന് രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകും. രാജിവച്ചില്ലെങ്കില്‍ അത് ബി.ജെ.പിയെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് വലിയ ആയുധമാകും.

tharoor

തരൂരിന്റെ രാജി ഉടനെ ഉണ്ടാകുമെന്ന വിലയിരുത്തലില്‍ സി.പി.എം, ബി.ജെ.പി കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉഷാറിലാണ്. ചെങ്ങന്നൂര്‍ നല്‍കിയ തിളക്കത്തില്‍ തലസ്ഥാന മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം നേതൃത്വം, ഇത്തവണ സി.പി.ഐക്ക് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം നല്‍കേണ്ടതില്ലന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.

ബി.ജെ.പിയാകട്ടെ ചെങ്ങന്നുരിലെ ക്ഷീണം സംഘപരിവാറിന് സംസ്ഥാനത്ത് ഏറ്റവും അധികം സ്വാധീനമുള്ള തിരുവനന്തപുരത്ത് ‘തീര്‍ക്കാന്‍’ കഴിയുമെന്ന ആത്മവിശ്വാസത്തിലുമാണ്.

tharoor

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിന്റെ മനസ്സ് ആര്‍ക്കൊപ്പമെന്ന യഥാര്‍ത്ഥ വിധിയെഴുത്ത് തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ ഇനി അവിടെയാണ് നടക്കുക.

തരൂര്‍ രാജിവച്ചില്ലങ്കില്‍ ദേശീയ തലത്തില്‍ തന്നെ അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നതിനാല്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് രാജി ആവശ്യപ്പെടുമെന്നാണ് സൂചന. അതേ സമയം കേരളത്തില്‍ ശരിയായ രാഷ്ട്രീയ ‘കാലാവസ്ഥ’ അല്ലാത്തതിനാല്‍ രാജി ആത്മഹത്യാപരമായിരിക്കും എന്ന നിലപാടും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്.

tharoor

തരൂരിനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. സാധാരണ ഒരു പൗരനാണ് ഈ അവസ്ഥയെങ്കില്‍ എന്താണ് ഇതിനകം തന്നെ സംഭവിക്കുമായിരുന്നത് എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഡല്‍ഹി പൊലീസിനെയും പ്രതിക്കൂട്ടില്‍ ആക്കുന്നുണ്ട്. യു.എന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി എന്ന നിലയില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര മുഖമായി തിളങ്ങിയിരുന്ന ശശി തരൂരിനോട് പരമാവധി വിട്ടുവീഴ്ചയാണ് അന്വേഷണ സംഘം ചെയ്തിരിക്കുന്നത്.

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് ഫയലില്‍ സ്വീകരിച്ചിരിക്കുന്നത്. തരൂരിനെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്ന് കോടതി വ്യക്തമാക്കി കഴിഞ്ഞു. കുറ്റപത്രത്തിന്റെ ഉള്ളടക്കം വിശദമായി പരിശോധിച്ചെന്ന് ചൂണ്ടിക്കാട്ടിയ ഡല്‍ഹി കോടതി ജൂലൈ ഏഴിന് തരൂരിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

tharoor

3,000 പേജുള്ള കുറ്റപത്രമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. സുനന്ദയുടെ മരണത്തിന് മുന്‍പ് തരൂരിന് ഇമെയിലില്‍ അയച്ച കവിതയില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ തരൂരിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ആദ്യ പൊലീസ് സംഘത്തിന്റെ വീഴ്ച്ച അന്വേഷിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Top