ശശി തരൂരിനായി കോണ്‍ഗ്രസ്സ് തീര്‍ക്കുന്ന എല്ലാ നാടകങ്ങളും പൊളിച്ചടക്കപ്പെടുന്ന കാഴ്ചയാണിപ്പോള്‍ തലസ്ഥാനത്ത്. സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ അവതരിച്ചിട്ടും തലസ്ഥാനത്ത് തരൂര്‍ വലിയ വെല്ലുവിളി തന്നെയാണ് നിലവില്‍ നേരിടുന്നത്. ശക്തമായ ത്രികോണ മത്സരത്തില്‍ ഇവിടെ തരൂരിന് അടി പതറിയാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തന്നെ തിരശ്ശീലയാവും താഴ്ത്തുക.
സുനന്ദ പുഷ്‌ക്കര്‍ വിവാദത്തെ പ്രതിരോധിച്ച മനസ്സാണ് മത്സ്യതൊഴിലാളികളുടെ രോഷത്തിന് മുന്നില്‍ ഇപ്പോള്‍ പതറുന്നത്.
നല്ലൊരു ‘നടനുള്ള’ അവാര്‍ഡിന് അര്‍ഹനാണ് ശശി തരൂര്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും ചൂണ്ടിക്കാണിക്കുന്നത്. സഹനടനുള്ള അവാര്‍ഡ് മുന്‍ മന്ത്രി വി.എസ് ശിവകുമാറും ഉറപ്പിച്ചിട്ടുണ്ട്.
വെള്ളിത്തിരയിലെ അഭിനയത്തെയും കവച്ച് വെയ്ക്കുന്ന മാസ്മരിക പ്രകടനമാണ് ഇവരുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പുതിയ തുറയില്‍ അടുത്തിടെ നടന്നത്.
‘ഓക്കാനം തോന്നും വിധം വെജിറ്റേറിയന്‍ ആയ എം.പിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ത്ഥം വരുന്ന തരൂരിന്റെ ട്വീറ്റാണ് പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശശി തരൂറിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
മീന്‍ വില്‍ക്കുന്നവര്‍ നാറുന്ന മോശക്കാരാണെന്ന് വിചാരിപ്പിക്കുന്നത് തെറ്റാണെന്ന വിമര്‍ശനങ്ങളാണ് ഇതില്‍ പ്രധാനം. മീന്‍ നാറുന്നവര്‍ താഴ്ന്നവരാണെന്നും അവരെ ആക്രമിക്കാം എന്ന ബോധമാണ് നഗരവാസികള്‍ക്കുണ്ടാക്കുന്നതെന്നും പ്രതിഷേധക്കാര്‍ തുറന്നടിക്കുന്നു.
ശശി തരൂരിന്റെ മേല്‍ജാതിബോധത്തോടെയുള്ള, മുക്കുവരെ അപമാനിക്കുന്ന പ്രസ്താവന മുക്കുവര്‍ക്കെതിരായ സമൂഹബോധത്തിന് നീതീകരണമാവും എന്നതിനാലാണ് ഈ രൂക്ഷ പ്രതികരണത്തിന്റെ അടിസ്ഥാനം.
മത്സ്യത്തൊഴിലാളികളെ അപമാനിച്ച തരൂര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മല്‍സ്യത്തൊഴിലാളി സംഘടനകളും ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. തരൂരിന്റെ വിശദീകരണത്തില്‍ ഇവരാരും തൃപ്തരല്ല. ഇതോടു കൂടിയാണ് ‘നാടക’വുമായി തരൂരും മുന്‍മന്ത്രിയുമെല്ലാം രംഗത്തിറങ്ങിയത്.
പ്രത്യേകം തയ്യാറാക്കിയ ചന്തയില്‍ മീന്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ശശി തരൂരിന്റെ ഫോട്ടോ കൊണ്ട് തീര്‍ക്കാന്‍ പറ്റുന്നതല്ല മൊഴിഞ്ഞ വാക്കുകള്‍. ഇക്കാര്യം ശശി തരൂരും ശിങ്കിടികളും ഓര്‍ക്കുന്നത് നല്ലതാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെയുള്ള തരൂരിന്റ പരിഹാസം മറക്കാനായിരുന്നു ഈ അരങ്ങേറ്റം. തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം മുന്‍ മന്ത്രിയുടേത് തന്നെ. തിരഞ്ഞെടുത്ത സ്ഥലമാകട്ടെ കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള പ്രദേശവും.
മീന്‍ കച്ചവടക്കാരായ സ്ത്രീകളെ കൊണ്ടുവന്ന് പ്രത്യേക ചന്തയുടെ സെറ്റിട്ട് അരങ്ങേറിയ നാടകത്തെ അല്‍പ്പത്തം എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക?. ക്യാമറക്കു മുന്നില്‍ ഒരു ഓക്കാനവുമില്ലാതെ മത്സ്യം എടുത്തുയര്‍ത്തി മാസ് ഡയലോഗ്. ഉടനെ തന്നെ പറഞ്ഞ് വച്ചത് പോലെ കൈയ്യടിയും മുദാവാക്യം വിളിയും. സിനിമയാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ പകച്ച് നിന്നവരില്‍ പരിസരവാസികളും പെടും.
ആദ്യം പത്രം കൂട്ടിയും പിന്നീട് വെറും കൈ കൊണ്ട് ഒരു വലിയ മീന്‍ എടുത്തു പിടിച്ചുമാണ് തരൂര്‍ ഫോട്ടോക്ക് പോസ് ചെയ്തത്. ഇത് ഒരു തരം ഡാമേജ് മാനേജ്‌മെന്റ് തന്നെയാണ്. ശശി തരൂര്‍ പ്രദര്‍ശനം നടത്തിയത് ഫുഡ് പോണ്‍ ആണ്. ശരീര വ്യാപാരത്തിന്റെ മഹത്വമേ അതിനുമൊള്ളൂ.
മീന്‍ ചന്തയില്‍ പോയി ചുളിഞ്ഞ മുഖഭാവത്തോടെ താന്‍ സ്‌കൂമിഷ്‌ലി വെജിറ്റേറിയന്‍ ആണെന്നു കുറ്റസമ്മതം നടത്തുന്ന ശശി തരൂര്‍ ഒരു കാര്യം ഓര്‍ക്കണം, പറഞ്ഞതൊക്കെ താങ്കള്‍ വിഴുങ്ങിയാലും മറ്റു അര്‍ത്ഥങ്ങള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിച്ചാലും മാനിറസങ്ങള്‍ ഉള്ളിലിരിപ്പ് വ്യക്തമാക്കിത്തന്നിട്ടുണ്ട്.
സങ്കുചിത താല്‍പ്പര്യമുള്ള ഒരു സവര്‍ണ്ണന്റെ ജല്‍പ്പനമായി മാത്രമേ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് താങ്കളുടെ പ്രവര്‍ത്തികളെ വിലയിരുത്താന്‍ കഴിയൂ. ഇത്തരക്കാര്‍ അവര്‍ണ്ണന്റെ വോട്ട് ആഗ്രഹിക്കുമ്പോള്‍ വിമര്‍ശനങ്ങളുയരുക സ്വാഭാവികം തന്നെയാണ്.
ത്രികോണ മത്സരത്തില്‍ കഴിഞ്ഞ തവണത്തേതു പോലെ തരൂര്‍ വിജയം ആവര്‍ത്തിക്കുമെന്ന് കരുതിയ യുഡിഎഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിംഗ് കണക്കുകളും അവരുടെ ആശങ്കയ്ക്ക് വഴിമാറുന്നതാണ്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരമാണ് സിറ്റിംഗ് എംപി നടത്തുന്നതെന്നാണ് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും വാദം. കഴിഞ്ഞ തവണ 15,470 വോട്ടുകളുടെ ഭൂരപക്ഷത്തിന് മാത്രമാണ് തരൂര്‍ ഇവിടെ നിന്നും വിജയിച്ചത്.
political reporter