കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ തരൂരും

ഡൽഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂരും. പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകള്‍ക്കിടെയാണ് പ്ലീനറി സമ്മേളനത്തില്‍ ചുമതല നല്‍കിയിരിക്കുന്നത്. വര്‍ക്കിംഗ് കമ്മിറ്റി പ്രവേശത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇനിയും അന്തിമ നിലപാടില്‍ എത്തിയിട്ടില്ലെന്നാണ് സൂചന.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയിരുന്നു. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവില്‍ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയില്‍ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാര്‍ട്ടി ഉടച്ച് വാര്‍ക്കപ്പെടുമ്പോള്‍ തരൂര്‍ എങ്ങനെ പരിഗണിക്കപ്പടുമെന്നത് പ്രധാനമാണ്. തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ നേതൃത്വത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ തരൂര്‍ പിന്മാറാനാണ് സാധ്യത. അങ്ങനെയെങ്കില്‍ നിര്‍ണ്ണാകമായ നീക്കങ്ങളിലേക്ക് തരൂര്‍ കടന്നേക്കും. തരൂര്‍ പുറത്ത് വന്നാല്‍ സ്വീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള ചില പാര്‍ട്ടികള്‍ തയ്യാറുമാണ്. തരൂരിനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വത്തിന്‍റെ മുന്‍പിലുണ്ടെങ്കിലും ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. ഒഴിവാക്കിയാലുണ്ടാകാവുന്ന തിരിച്ചടികളെ കുറിച്ച് നേതൃത്വത്തിനും ബോധ്യമുണ്ട്. അതേസമയം പ്ലീനറി സമ്മേളനത്തില്‍ സഹകരിപ്പിക്കാനുള്ള തീരുമാനം അനുകൂല നീക്കമായാണ് തരൂര്‍ ക്യാമ്പ് വിലയിരുത്തുന്നത്.

Top