സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണം; അഭിനന്ദനെ പരിഹസിച്ച പാക്ക് ചാനലിനെ ന്യായീകരിച്ച് തരൂര്‍

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പരസ്യം നിര്‍മിച്ച പാക്ക് ചാനലിനെ ന്യായീകരിച്ച് ശശി തരൂര്‍ എംപി. അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്നും, പരസ്പരമുള്ള കളിയാക്കലിനെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നുമാണ് തരൂര്‍ പറഞ്ഞത്.

അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച പാക്ക് ചാനല്‍ പരസ്യം വന്‍ വിവാദമായി മാറിയിരുന്നു. ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് ഇന്ത്യ-പാകിസ്ഥാന്‍ കളിയെ കുറിച്ചുള്ള പരസ്യം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറി കടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാന്ററെ പിടിയിലകപ്പെട്ട അഭിനന്ദന്‍ പാക് സൈന്യത്തോട് ധീരമായി നടത്തിയ പ്രതികരണങ്ങളെ വികലമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പരസ്യം.


ബലാക്കോട്ട് ആക്രമണ സമയത്ത് പാക്ക് പിടിയിലായ അഭിനനന്ദനെ ചോദ്യം ചെയ്ത രീതിക്ക് സമാനമെന്നോണമാണ് പരിഹാസരൂപേണയുള്ള പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഒരാള്‍ നീല ജഴ്സിയില്‍ ചായ കുടിച്ചുകൊണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന തരത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ടോസ് ലഭിച്ചാല്‍ എന്താണ് ചെയ്യുകയെന്നാണ് ആദ്യ ചോദ്യം. തനിക്കത് വെളിപ്പെടുത്താനാകില്ലെന്ന് അഭിനന്ദനോട് സാമ്യമുള്ളയാള്‍ മറുപടി നല്‍കുന്നു. തുടര്‍ന്ന് അവസാന ഇലവനില്‍ ആരൊക്കെ വരുമെന്ന ചോദ്യത്തിന് അതും പറയാനാവില്ലെന്ന് മറുപടി. പിന്നീട് ചായ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നു, ഗംഭീരമെന്ന് ഉത്തരവും. ഒടുവില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുന്നതും, പോകാനൊരുങ്ങുമ്പോള്‍ കോളറില്‍ പിടിച്ച് കപ്പുമായി എവിടെ പോകുന്നുവെന്ന പരിഹാസമുയരുന്നു. ശേഷം ജൂണ്‍ 16 ന് ജാസ്സ് ടിവിക്കൊപ്പം ഇന്ത്യ പാക്ക് മത്സരം കാണാമെന്ന് പറഞ്ഞുവെച്ചാണ് പരസ്യം അവസാനിക്കുന്നത്. പരസ്യം പുറത്തു വന്നതിന് പിന്നാലെ ഇന്ത്യയുടെ സിംഹക്കുട്ടിയെ പരിഹസിച്ച പാക്കിസ്ഥാന്‍ ചാനലിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Top