പ്രളയ രക്ഷാപ്രവര്‍ത്തനം: മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം:’കേരളത്തിന്റെ സൈന്യമെന്ന്’ വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്നും ശശി തരൂര്‍ എംപി. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുകയെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തു നിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ആഗസ്റ്റിലാണ് കേരളം അപ്രതീക്ഷിത ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. അടുത്ത കാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും ഭീതി പടര്‍ത്തിയതും നാശനഷ്ടം വരുത്തിയതുമായ പ്രളയത്തില്‍ ഒന്നേകാല്‍ ലക്ഷം പേരുടെ ജീവനാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മൂവായിരത്തിലേറെ മത്സ്യത്തൊഴിലാളികളാണ് പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരുന്ന കേരള കരയെ പിടിച്ചുയര്‍ത്തിയത്. ആയിരത്തോളം വള്ളങ്ങളാണ് മൂക്കറ്റം മുങ്ങി നിന്നവരുടെ സഹായത്തിനായെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈനികരാണ് എന്ന് വിശേഷിപ്പിച്ചത്. പ്രളയത്തില്‍ മുങ്ങി നിന്നവരെ മുന്നും പിന്നും നോക്കാതെ കരയ്ക്കടുപ്പിച്ചവരാണ് മത്സ്യത്തൊഴിലാളികള്‍. വ്യോമ – നാവിക സേനയുടെ സഹായഹസ്തം എത്തും മുന്നേ കേരളത്തെ കാത്ത ‘സൈനികര്‍’ മത്സ്യത്തൊഴിലാളികളാണ്. പ്രളയം അതിജീവിച്ച കേരളത്തിന്റെ പലഭാഗങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവും സ്വീകരണവും നല്‍കിയിരുന്നു.

Top