തിരുവനന്തപുരം: കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ മറുപടിയുമായി ശശി തരൂര്‍. 46 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഉയര്‍ത്തിയാണ് കെപിസിസി അദ്ധ്യക്ഷന്റെ പരാമര്‍ശത്തിന് മറുപടി നല്‍കിയത്. സംസ്ഥാനങ്ങളില്‍ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് എഐസിസി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെട്ടില്ല. ചുമതലയുള്ളവര്‍ നിര്‍ദേശം ലംഘിച്ച് പ്രചരണത്തിന് പോയി എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ നൂറില്‍ കൂടുതല്‍ വോട്ട് കിട്ടും, എന്നാല്‍ എണ്ണത്തില്‍ കാര്യമില്ലെന്നും തരൂര്‍ കൂട്ടിചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂര്‍ സംഘടനാപരമായി ട്രെയിനിയായണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. എന്നാല്‍ പിന്നീട് അദ്ദേഹം ട്രെയിനിയെന്ന പരാമര്‍ശം നിഷേധിച്ചു. ശശി തരൂര്‍ സംഘടനാപരമായി ട്രെയിനിയെന്ന് വിശേഷിപ്പിച്ച സുധാകരന്‍ എഐസിസി തെരഞ്ഞെടുപ്പില്‍ തന്റെ മനസാക്ഷി വോട്ട് ഖാര്‍ഗെക്കാകുമെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.