തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് ശശി തരൂർ എംപി. എന്നാൽ മറ്റു ചിലർ അത് മറന്നുവെന്ന്, വി ഡി സതീശനെ കുത്തി ശശി തരൂർ അഭിപ്രായപ്പെട്ടു. നവംബർ ഏഴിന് രാവിലെ താനാണ് ആദ്യം മേയറുടെ രാജി ആവശ്യപ്പെട്ടത്. കോർപ്പറേഷനെതിരായ യുഡിഎഫിന്റെ സമരത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്താണ് ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ തരൂർ നിലപാട് സ്വീകരിച്ചില്ലെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. മേയറുടെ രാജി ആവശ്യപ്പെട്ടത് മൂന്നു കാരണങ്ങൾ കൊണ്ടാണെന്നും തരൂർ വ്യക്തമാക്കി.
സംസ്ഥാനത്ത് തൊഴിലില്ലായ്മ അതി രൂക്ഷമാണ്. സർക്കാർ ജോലിയാകട്ടെ, കോർപ്പറേഷൻ താൽക്കാലിക ജോലിയാകട്ടെ നാട്ടിലെ എല്ലാ പൗരന്മാരെയും പരിഗണിക്കേണ്ടതുണ്ട്. ഈ ജോലിക്ക് ശമ്പളം നൽകുന്നത് നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ഈ ജോലി പാർട്ടിക്കാർക്ക് മാത്രം നൽകാൻ ആർക്കും അവകാശമില്ലെന്ന് തരൂർ പറഞ്ഞു. വേറെ ചടങ്ങുകളുണ്ടായിരുന്നതിനാലാണ് തിരുവനന്തപുരത്തെ സമരപ്പന്തലിൽ എത്താൻ വൈകിയത്.
സമരത്തിന്റെ നേതൃത്വം എംപി എന്ന നിലയിൽ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, പാർലമെന്ററി പാർട്ടി നേതാവും കൗൺസിലർമാരും സമരത്തിന് ഇരിക്കുമ്പോൾ അവർക്ക് പിന്തുണ കൊടുക്കുകയാണ് തന്റെ കർത്തവ്യം. സമരത്തിന് നേതൃത്വം അവരുടെ തന്നെയാണ്. മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കാൻ പിശുക്കു കാണിക്കുന്നു എന്ന വിമർശനം ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു.
മുഖ്യമന്ത്രി തെറ്റു ചെയ്താൽ, ഒരു സംശയവും വേണ്ട പറയാനുള്ളതെല്ലാം പറയും. ഇത് കോർപ്പറേഷനിലെ വിഷയമാണ്. അതുകൊണ്ടാണ് മേയർക്കെതിരെ പ്രസ്താവന നടത്തിയത്. എഴുത്ത് ഒപ്പിട്ടവർക്കല്ലേ ഉത്തരവാദിത്തമെന്നും തരൂർ ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി, കെ എസ് ശബരീനാഥൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് തുടങ്ങിയ നേതാക്കൾ സമരത്തിൽ പങ്കെടുത്തു.