‘മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല’; മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയെന്ന് തരൂർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ എംപി. പാർട്ടിയും ജനങ്ങളുമാണ് സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിന് ഇപ്പൊഴേ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശശി തരൂർ കോഴിക്കോട് പറഞ്ഞു.

2026 നാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് ഇതിനെ പറ്റി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ശശി തരൂർ പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പ്രസ്താവന വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രിയാവാൻ തയ്യാറല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയും ജനങ്ങളുമാണെന്നും തരൂർ വ്യക്തമാക്കി. സമസ്ത ആസ്ഥാനത്ത് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂർ.

Top